എം.ജി ശ്രീകുമാറും ഭാര്യയും അശാസ്ത്രീയത പ്രചരിപ്പിക്കുന്നു; പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്ററിനെതിരെ ക്യാപ്‌സൂള്‍ കേരള
Kerala News
എം.ജി ശ്രീകുമാറും ഭാര്യയും അശാസ്ത്രീയത പ്രചരിപ്പിക്കുന്നു; പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്ററിനെതിരെ ക്യാപ്‌സൂള്‍ കേരള
ന്യൂസ് ഡെസ്‌ക്
Sunday, 29th November 2020, 7:59 pm

കോഴിക്കോട്: പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കൊവിഡ് തടയുമെന്ന പ്രചരണങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്‌സൂള്‍ കേരള (ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് സ്യൂഡോ സയന്‍സ് ആന്റ് എത്തിക്‌സ്) കൂട്ടായ്മ പറഞ്ഞു.

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചിട്ട് ഉന്മേഷം കൂടിയെന്നും രക്തപരിശോധനയില്‍ എല്ലാം നോര്‍മലായിരുന്നെന്നും എം.ജി ശ്രീകുമാറും ഭാര്യയും ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. തങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ അത്ഭുതപ്പെട്ടെന്നും ഇരുവരും പറയുന്നു.

ഇത് കഴിച്ചതിനാല്‍ ഇതുവരെ കൊവിഡ് പോസിറ്റീവായില്ലെന്നും എം.ജി ശ്രീകുമാറും ഭാര്യയും പറയുന്നുണ്ട്.


അതേസമയം ലോകത്തിന്നുവരെ ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്ന് ക്യാപ്‌സൂള്‍ കേരള പറയുന്നു. ഫുഡ് സപ്ലിമെന്റ്റ് രോഗമുക്തിയുണ്ടാക്കും എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഫുഡ് ആന്‍ഡ് സേഫ്റ്റി റെഗുലഷന്‍സ് ആക്ട് 2011 അനുസരിച്ചും ഡി.എം.ആര്‍ ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണെന്നും ക്യാപ്‌സൂള്‍ കേരള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എം.ജി ശ്രീകുമാറും ഭാര്യയും നടത്തിയ രക്തപരിശോധനകള്‍ എന്തെല്ലാമാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കണമെന്ന് ക്യാപ്‌സൂള്‍ കേരള ആവശ്യപ്പെട്ടു.

ക്യാപ്‌സൂള്‍ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ ഇതുവരെ 588000 ത്തിലധികം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയുണ്ടായ. 345 ലക്ഷം ജനങ്ങള്‍ കഴിയുന്ന കേരളത്തില്‍ കോവിഡ് രോഗികള്‍ നാളിതുവരെ വെറും ആറു ലക്ഷത്തില്‍ താഴെ. അതൊന്നും അത്ഭുതമല്ല. അത്ഭുതം ഇങ്ങനെയാണ്:

ടെസ്റ്റ് പോസിറ്റീവ് ആയവരില്‍ ആരും തന്നെ ടെസ്റ്റ് എടുക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഉരുളക്കിഴങ്ങും പപ്പായയും കഴിച്ചിരുന്നില്ല! അങ്ങനെ കഴിക്കുന്നവരില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവ് അയാല്‍ തന്നെ വളരെ മൈല്‍ഡ് ആയിരിക്കും, കുറച്ചുനാള്‍ കഴിഞ്ഞു നെഗറ്റീവ് ആകുകയും ചെയ്യും.

ഉരുളക്കിഴങ്ങും പപ്പായയും കേരളത്തിലെ തദ്ദേശീയ ഭക്ഷ്യവസ്തുക്കളല്ല. വിദേശത്തുനിന്നും കൊണ്ടുവന്നവയാണ്. എങ്കിലും അവ കേരളത്തില്‍ പരക്കെ ഉപയോഗിക്കുന്ന ഫുഡ് സപ്പ്‌ളിമെന്റ്റ് ആയിക്കഴിഞ്ഞു. ഫുഡ് സപ്ലിമെന്റ്റ് ആണെങ്കിലും പല വൈറല്‍ രോഗങ്ങളെയും അകറ്റുകയും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യുകയും അനുഭവമാണ്.

തികച്ചും വ്യാജമായ ഈ പ്രസ്താവത്തിനു സമമായി അത്ഭുതം എന്ന രീതിയില്‍ കര്‍മ്മ ന്യൂസ് അവതരിപ്പിക്കുന്നത് നോക്കാം. പരബ്രഹ്മ ഉല്പാദിപ്പിക്കുന്ന ഫുഡ് സപ്ലിമെന്റ്റ് ആണ് വിഷയം. ഇത് കഴിച്ചാല്‍ ഇമ്മ്യൂണിറ്റി കൂടും, കോവിഡ് വരില്ല, ടെസ്റ്റ് പോസിറ്റീവ് ആകുകയുമില്ല.

കര്‍മ്മ ന്യൂസ് മാത്രമല്ല ഇത് പറയുന്നത്. സെലിബ്രിറ്റിയുടെ സാക്ഷ്യം പറച്ചിലുമുണ്ട്. കര്‍മ്മയുടെ ആങ്കര്‍ സെലിബ്രിറ്റികളെ പരിചയപ്പെടുത്തുന്നത് ശ്രീ. എം ജി ശ്രീകുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിങ്ങനെയാണ്. ഇവര്‍ രംഗത്തുവന്ന് അവകാശപ്പെടുന്നത് ഇവയൊക്കെ:

1. ഞങ്ങള്‍ രണ്ടുപേരും പരബ്രഹ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചു. ഒരാള്‍ റെക്കോര്‍ഡിങ്, ചാനല്‍ എന്നിവിടങ്ങളില്‍ ബിസിയാണ്. മറ്റെയാള്‍ അമ്പലത്തിലും ഷോപ്പിങ്ങിനും പോകും. കോവിഡ് കാലത്ത് പോസിറ്റീവ് ആയാലോ? എന്തും സംഭവിക്കാം… എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, രണ്ടുപേര്‍ക്കും എന്തുകൊണ്ടും നല്ല അനുഭവമാണ്, ഇതുവരെ. കോവിഡ് പോസിറ്റീവ് ആയില്ല. നല്ല ഉന്മേഷം. നല്ല ഊര്‍ജം ലഭിച്ചിരിക്കുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളിയില്‍ എനര്‍ജി ബൂസ്റ്റായി എന്നും അറിയുന്നു. എല്ലാം പരബ്രഹ്മയുടെ 100 ഗ്രാം പാക്കെറ്റിന്റെ കൃപ.

2. രണ്ടുപേരും രക്തം പരിശോധിച്ചു. അവിടെയും അത്ഭുതം. എല്ലാ വാല്യൂകളും മുമ്പത്തേക്കാളും നോര്‍മല്‍. അതിശകരമായിരിക്കുന്നു. ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു ചോദിച്ചു, ഇതെങ്ങനെ സംഭവിച്ചു?

3. ഇതൊക്കെ പറയുന്നതിനിടെ കൃത്യമായ ഇടവേളകളില്‍ പരബ്രഹ്മയുടെ ബോട്ടില്‍ പ്രേക്ഷകരെ കാണിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊരു പരസ്യമല്ല, അനുഭവമാണ്. നിങ്ങള്‍ക്ക് കുഴപ്പമുണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല.
ബാക്കി കാര്യങ്ങള്‍ കര്‍മ്മയുടെ ആങ്കര്‍ തന്നെ പറയും.
നമുക്കിതിന്റെ മറ്റുവശങ്ങളിലേക്കു നോക്കാം.

# ലോകത്ത് ഇന്നുവരെ ഒരു ഫുഡ് സപ്ലിമെന്റ്റും രോഗം മാറ്റുന്നതായി തെളിവില്ല. നമ്മുടെ ഉരുളക്കിഴങ്ങും പപ്പായയും പോലെ. ഫുഡ് സപ്ലിമെന്റ്റ് രോഗമുക്തിയുണ്ടാക്കും എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഫുഡ് ആന്‍ഡ് സേഫ്റ്റി റെഗുലഷന്‍സ് ആക്ട് 2011 അനുസരിച്ചുo DMR ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണ്. ഈ ആക്ടില്‍ നിന്ന് സെലിബ്രിറ്റികളെ ഒഴിവാക്കിയിട്ടില്ല. പുതിയ ഭേദഗതി നിലവില്‍ വരുന്ന മുറയ്ക്ക് സെലിബ്രിറ്റി ഇത്തരം വ്യാജപ്രസ്താവം നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം സെലിബ്രിറ്റി തന്നെ എടുക്കേണ്ടിവരും.

# രണ്ടുപേര്‍ക്കും രക്തത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അത് തങ്ങളെ അതിശയിപ്പിച്ചെന്നും പറയുന്നു. എന്തെല്ലാം ടെസ്റ്റുകള്‍ ആണ് ഇമ്യൂണിറ്റി വര്‍ധിപ്പിക്കുന്നതിന് തെളിവ്? എന്തുകൊണ്ട് അത് വെളിപ്പെടുത്തുന്നില്ല? ഏതെല്ലാം ഡോക്ടര്‍മാരെയാണ് അതിശയിപ്പിച്ചത്? പറയാമായിരുന്നില്ലേ? ഡോക്ടര്‍മാര്‍ക്ക് കോണ്‍ഫിഡന്‍ഷ്യലിറ്റി പ്രശ്‌നമില്ല; രോഗികളുടെ മാത്രം പ്രിവിലേജ് ആണത്. ഇതെല്ലാം 100% വ്യാജപ്രസ്താവങ്ങളാണ്. കേരളത്തിലിപ്പോഴും കോവിഡ് ബാധ 2% താഴെമാത്രമല്ലേയുള്ളു. രോഗം വന്നവരേക്കാള്‍ അമ്പത്തിരട്ടി പേര്‍ക്ക് വന്നിട്ടില്ല. ആ നിലയ്ക്ക് രോഗം വരാതിരിക്കാനുള്ള സാധ്യതയല്ലേ ഏറെ? അപ്പോള്‍ ഈ ബൂസ്റ്റര്‍ എന്ത് മെച്ചമാണ് ഉണ്ടാക്കുക എന്ന് പറയാന്‍ സെലിബ്രിറ്റിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണോ?

# നിങ്ങള്‍ വാങ്ങിക്കഴിക്കുക. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല. ഇത്തരം ഡിസ്‌ക്‌ളൈമര്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്ത് നൈതികതയാണ് ഉത്പന്നം നല്ലതാണെന്നും അതിന്റെ ദൂഷ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടായാല്‍ ഞങ്ങള്‍ക്കൊന്നുമില്ലെന്നും പറയുന്നതില്‍? ഫുഡ് സപ്ലിമെന്റ്റ് ആണെന്നറിഞ്ഞിട്ടും തെളിവില്ലാത്തതും രക്തം പരിശോധിച്ചിട്ടും തെളിവ് പുറത്തുപറയാത്തതുമായ അവകാശവാദങ്ങള്‍ പറയുന്നതും നൈതികതക്ക് വിരുദ്ധമല്ലേ?

# വെറും ഒരു വര്‍ഷം മാത്രമായ സ്ഥാപനമാണ് പരബ്രഹ്മ, ആലപ്പുഴ. അവര്‍ക്ക് ഇത്തരം ഒരു ഉത്പന്നം കണ്ടെത്തി പരീക്ഷണങ്ങള്‍ നടത്തി വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് സെലിബ്രിറ്റികള്‍ എങ്ങനെ ഉറപ്പാക്കി? സ്ഥാപനത്തെ കുറിച്ച് ചില വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. അതില്‍ രണ്ടു വാചകങ്ങള്‍ ഇങ്ങനെ പറയുന്നു. ‘PARABRAHMA AYURVEDA HOSPITAL AND RESEARCH CENTRE PRIVATE LIMITED is a Private incorporated on 03-10-2019. It is classified as a Non-Govt and is registered at RoC-Ernakulam. Their state of registration is Kerala. Its authorized share capital is 100000.00 and its paid-up capital is 100000.00.’ അത്ഭുതകരമായ ഗവേഷണം നടന്നതായി സെലിബ്രിറ്റികള്‍ ഉറപ്പാക്കിയെങ്കില്‍ ആ വിവരം advertisement അല്ലെന്നവകാശപെടുന്ന endorsement ല്‍ പറയാമായിരുന്നു. (Link: https://cleartax.in/…/parabrahma…/U85100KL2019PTC059845)
ഇനി ഇത് വായിക്കുന്ന ജനങ്ങളോട് പറയാനുള്ളത്. സെലിബ്രിറ്റികള്‍ പറയുന്ന വ്യാജ പ്രസ്താവനകള്‍ വിശ്വസിക്കരുത്, പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്.
(പോസ്റ്റിനാധാരമായ വീഡിയോയുടെ ലിങ്ക് കമെന്റ് ബോക്‌സില്‍ നല്‍കുന്നു)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Capsule Kerala MG Sreekumar Lekha Sreekumar