നിലവിലെ യൂറോ ചാമ്പ്യന്മാരെന്ന തലയെടുപ്പുമായി ലോകകപ്പിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ സ്‌പെയ്‌നിനെ സമനിലയില്‍ തളച്ചുകൊണ്ട് ഫുട്‌ബോള്‍ ഭൂപടത്തില്‍ തങ്ങളുടേതായ സ്ഥാനം രേഖപ്പെടുത്തിയിരിക്കുകയാണ് ആഫ്രിക്കയിലെ ഒരു കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ.

സ്പാനിഷ് ടീമിന്റെ മുന്നേറ്റനിരയുടെ മുനയൊടിച്ചുകൊണ്ടാണ് വെര്‍ദെ എന്ന രാജ്യത്തിന്റെ പോരാളികള്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറിയത്.

കളിക്കളത്തില്‍ സ്പാനിഷ് ടീം അടിയറവ് പറഞ്ഞത് വെര്‍ദെയുടെ ഒരേയൊരു മനുഷ്യന്റെ മുന്നിലാണ്. 40ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറ്റ മത്സരം കളിച്ച വോസിന്‍ഹ എന്ന മനുഷ്യന് മുന്നില്‍. വെര്‍ദെയുടെ ഗോള്‍മുഖത്ത് പാറ പോലെ ഉറച്ചുനിന്നാണ് വോസിന്‍ഹ ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹീറോയായി മാറിയത്.

മത്സരത്തില്‍ സ്പാനിഷ് ആക്രമണത്തിന് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നുകൊണ്ടാണ് 40കാരന്‍ തന്റെ രാജ്യത്തിന് ലോകകപ്പിലെ ആദ്യ പോയിന്റ് സമ്മാനിച്ചത്. മുന്നേറ്റ നിരയില്‍ ഫെറാന്‍ ടോറസും മികേല്‍ ഒയര്‍സബാലിസും തീര്‍ത്ത മികച്ച നീക്കങ്ങളെ അനായാസമായാണ് വോസിന്‍ഹ തടഞ്ഞുനിര്‍ത്തിയത്.

മത്സരത്തില്‍ 22 ഷോട്ടുകളാണ് സ്പാനിഷ് താരങ്ങള്‍ വെര്‍ദെയുടെ ഗോള്‍ മുഖത്തേക്ക് ലക്ഷ്യം വെച്ചത്. ഇതില്‍ എട്ട് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കുമായിരുന്നു. ഈ ഷോട്ടുകളെല്ലാം വോസിന്‍ഹ അനായാസമായി രക്ഷപ്പെടുത്തിയത് അമ്പരപ്പോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കി നിന്നത്.

മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ആ 40കാരന്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. മത്സരശേഷം താന്‍ വൈകാരികമായത് എന്ത് കൊണ്ടാണെന്നും വോസിന്യ വെളിപ്പെടുത്തിയിരുന്നു.

വിസയുടെ പ്രശ്‌നം കാരണം തന്റെ അമ്മയ്ക്കും കുടുംബങ്ങള്‍ക്കും മത്സരം നേരിട്ട് കാണാന്‍ സാധിച്ചില്ലെന്നായിരുന്നു വോസിന്‍ഹയുടെ വാക്കുകള്‍. തന്റെ മരണപ്പെട്ട മുത്തശ്ശനെയും മുത്തശ്ശിയേയും ഓര്‍ത്താണ് കണ്ണുനിറഞ്ഞതെന്നും വോസിൻഹ ലോകത്തോട് വിളിച്ചുപറഞ്ഞു.

‘എന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും ഓര്‍ത്താണ് ഞാന്‍ കരഞ്ഞത്. കുട്ടികാലത്ത് എന്നെ വളര്‍ത്തിയത് അവരായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ ഇവിടെയില്ല. കുറച്ച് വര്‍ഷം മുമ്പ് അവര്‍ മരണപ്പെട്ടു. മറ്റൊരു സങ്കടം എന്റെ അമ്മക്ക് കളി കാണാന്‍ ഇവിടെ എത്താന്‍ സാധിച്ചില്ല എന്നതിലാണ്. വിസ പ്രശ്‌നങ്ങളും അതിനായി കൊടുക്കേണ്ടി വന്ന തുകയും കാരണമാണ് അമ്മക്ക് ഇവിടെ വരാന്‍ കഴിയാതെ പോയത്. അമ്മ ഇവിടെ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ കഠിനാധ്വാനം ചെയ്തത് ഈയൊരു നിമിഷത്തിനാണ്. ഇപ്പോള്‍ എനിക്ക് 40 വയസാണ്. ഈ സ്വപ്നമാണ് എന്നെ ഇവിടെ എത്തിച്ചത്,’ വോസിന്‍ഹ പറഞ്ഞു.

മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനൊപ്പം ഫുട്‌ബോള്‍ ലോകകപ്പില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന സുവര്‍ണനേട്ടവും തന്റെ പേരിലെഴുതിച്ചേര്‍ത്താണ് വോസിന്‍ഹ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

45ാം വയസില്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ മുന്‍ ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ എസ്താം എല്‍ ഹദാരി മാത്രമാണ് മാത്രമാണ് 40കാരന്റെ മുന്നിലുള്ളത്. 2018ലെ റഷ്യന്‍ ലോകകപ്പിലായിരുന്നു മുന്‍ ഈജിപ്ത് താരത്തിന്റെ അരങ്ങേറ്റം.

കേപ് വെര്‍ദെക്ക് വേണ്ടി വോസിന്‍ഹ ഗോള്‍വല കാക്കാന്‍ തുടങ്ങിയത് 2012 കാലഘട്ടം മുതലാണ്. നീണ്ട 14 വര്‍ഷത്തോളം നീണ്ടുനിന്ന തന്റെ ഐതിഹാസികമായ അന്താരാഷ്ട്ര ഫുട്‌ബോള്‍ യാത്ര ഇന്ന് എത്തിനില്‍ക്കുന്നത് ലോകത്തിന്റെ വിശ്വവേദിയിലാണ്.

ആദ്യ മത്സരത്തില്‍ തന്നെ മുന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ടീമിനെ സമനിലയില്‍ കുരുക്കി വരവറിയിച്ച വോസിന്‍ഹയും കേപ് വെര്‍ദെയും വരും മത്സരങ്ങളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. രണ്ട് തവണ ലോകകിരീടം ഉറുഗ്വേയും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിച്ച സൗദി അറേബ്യയുമാണ് ഇനി ആഫ്രിക്കന്‍ ടീമിന്റെ മുന്നിലുള്ളത് എതിരാളികള്‍.

 

Content Highlight: Cape Verde goalkeeper Vozinha performed well against Spain in the 2026 World Cup