പാരിസ്: ചലച്ചിത്രമേളകളിലെ സുപ്രധാന മേളയായ കാന്‍ ചലച്ചിത്ര മേളയില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം. ചലച്ചിത്ര മേള തുടങ്ങുന്നതിന് മുമ്പായി ഗസയിലെ വംശഹത്യയെ അപലപിച്ച ലോകമെമ്പാടുമുള്ള 380 ഓളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗസയില്‍ വംശഹത്യ നടക്കുമ്പോള്‍ തങ്ങള്‍ക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു കത്ത് അവര്‍ ഫ്രഞ്ച് പത്രമായ ലിബറേഷനിലും യു.എസ് മാഗസിനായ വെറൈറ്റിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകപ്രസിദ്ധ ചലച്ചിത്ര പ്രവ്രര്‍ത്തകരായ സൂസന്‍ സരന്‍ഡാന്‍, റിച്ചാര്ഡ് ഗിയര്‍, പ്രശസ്ത സ്പാനിഷ് സംവിധായകരായ പെഡ്രോ അല്‍മോഡോവര്‍ മുന്‍ കാന്‍ പുരസ്‌കാര ജേതാവായ റൂബന്‍ ഓസ്റ്റലണ്ട് എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഈ കത്തില്‍ കാന്‍ ചലച്ചിത്ര മേളയുടെ ജൂറി പ്രസിഡന്റായ ജൂലിയറ്റ് ബിനോച്ച ഒപ്പിട്ടതായി സംഘാടകര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇത് അംഗീകരിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി.
ഗസയിലെ ഫോട്ടോ ജേണലിസ്റ്റായ ഫാത്തിമ ഹസൂനയുടെ മരണത്തിലും ചലച്ചിത്ര ലോകം അനുശോചനം രേഖപ്പെടുത്തി. ഹസൂനയുടെ പ്രമേയത്തില്‍ തയ്യാറാക്കിയ ‘പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വോക്ക്’ എന്ന ഇറാനിയന്‍ ഡോക്യുമെന്ററി വ്യാഴാഴ്ച്ച ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇറാനി സംവിധായകയായ സെപിദെ ഫാര്‍സിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
കാനിലെ എ.സി.ഐ.ഡി വിഭാഗത്തില്‍ ചിത്രം തെരഞ്ഞെടുക്കപ്പെട്ടെന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് വടക്കന്‍ ഗസയില്‍ നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ ഹസൂന കൊല്ലപ്പെട്ടത്. ഹസൂനയുടെ കുടുംബത്തിലെ പത്ത് പേരും ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തന്റെ സിനിമയുടെ സ്വാധീനത്തെ സ്വാഗതം ചെയ്ത ഫാര്‍സി ഫലസ്തീന്‍ പ്രദേശത്തിന് നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തെ അപലപിക്കാന്‍ കാന്‍ ഫെസ്റ്റിവല്‍ സംഘാടകരോടും ആവശ്യപ്പെട്ടു.
2023ല്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ജൂത വംശജനും ബ്രിട്ടീഷ് സംവിധായകനുമായ ജോനാഥന്‍ ഗ്ലേസറും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഓഷ്വിറ്റ്‌സ് നാടകമായ ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഗ്ലേസര്‍ ഓസ്‌കര്‍ നേടിയത്.
ഇന്നലെ (ചൊവ്വാഴ്ച്ച) ഫ്രഞ്ച് റിവിയേരയിലാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്. റോബര്‍ട്ട് ഡി നീറോ ഉദ്ഘാടനം വഹിച്ച ചടങ്ങ് ആരംഭിച്ചത് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഉക്രൈനെപ്പറ്റിയുള്ള മൂന്ന് ചിത്രങ്ങളോട് കൂടിയാണ്. ഇതിന് പുറമെ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയെ പറ്റിയുള്ള രണ്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
Content Highlight: Cannes Film Festival in solidarity with Gaza; Film world says they cannot turn a blind eye to this genocide