തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പിണറായി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഉണ്ടായതാണെന്ന ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇതില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4.29 രൂപ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് വാങ്ങാന്‍ ഉണ്ടാക്കിയ കരാറാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത്.
കുറഞ്ഞ നിരക്കിലുള്ള കരാര്‍ ഒഴിവാക്കി, ബോര്‍ഡിന് വലിയ നഷ്ടം വരുത്തിക്കൊണ്ട് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അഴിമതിപ്പണം ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊടുംചൂടില്‍ ജനങ്ങള്‍ വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വോട്ടെടുപ്പ് കഴിഞ്ഞതിനാലും ഇനി അധികാരത്തില്‍ വരില്ലെന്ന ബോധ്യമുള്ളതിനാലുമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ലോഡ് ഷെഡിങ് അല്ലെന്നും ഓവര്‍ലോഡ് നിയന്ത്രിക്കാനുള്ള ക്രമീകരണം മാത്രമാണെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നല്‍കുന്ന വിശദീകരണം.
പശ്ചിമേഷ്യയിലെ യുദ്ധം, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വര്‍ധനവ്, പാചകത്തിന് ഗ്യാസിന് പകരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് എന്നിവ പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇന്ത്യയിലാകെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും വൈദ്യുതി വാങ്ങാന്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.