ഒട്ടാവ: അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ മേല്‍ 35 ശതമാനം തീരുവ ചുമത്തിയതില്‍ നിരാശ പ്രകടിപ്പിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി. ഇന്നലെ (വ്യാഴാഴ്ച) ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തന്റെ നിരാശ അറിയിച്ചത്.
ഈ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കനേഡിയന്‍ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍നിന്നും 35 ശതമാനമായി ഉയരും. യു.എസ് – മെക്‌സിക്കോ – കാനഡ വ്യാപാര കരാറിന്റെ പരിധിക്ക് പുറത്തുള്ള കനേഡിയന്‍ കയറ്റുമതികള്‍ക്കാകും കാനഡയുടെ മേല്‍ തീരുവ ചുമത്തുന്നത്.
കനേഡിയന്‍ സര്‍ക്കാര്‍ യു.എസിന്റെ ഈ നടപടിയില്‍ നിരാശരാണെന്ന് കാര്‍ണി തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. എങ്കിലും വ്യാപാരത്തിന്റെ അളവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യാപാര കരാറായ യു.എസ് – മെക്‌സിക്കോ – കാനഡ വ്യാപാര കരാറിനോട് (CUSMA) തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കുറിച്ചു.
‘തടി, ഉരുക്ക്, അലുമിനിയം, ഓട്ടോമൊബൈലുകള്‍ എന്നിവയുള്‍പ്പെടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ മറ്റ് മേഖലകളെ യു.എസ് തീരുവകളും താരിഫുകളും വളരെയധികം ബാധിക്കുന്നു.
അത്തരം മേഖലകള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ കനേഡിയന്‍ തൊഴിലുകള്‍ സംരക്ഷിക്കുന്നതിനും നമ്മുടെ വ്യാവസായിക മത്സരക്ഷമതയില്‍ നിക്ഷേപിക്കുന്നതിനും കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിനും നമ്മുടെ കയറ്റുമതി വിപണികളെ വൈവിധ്യവത്കരിക്കുന്നതിനും നടപടി സ്വീകരിക്കും,’ മാര്‍ക്ക് കാര്‍ണി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇന്നലെയായിരുന്നു കാനഡ ഉള്‍പ്പെടെ 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.
ആഗോള സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുകയും അന്താരാഷ്ട്ര സഖ്യങ്ങളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന ട്രംപിന്റെ നീക്കത്തിന്റെ ഭാഗമാണിത്. വിവിധ രാജ്യങ്ങളുടെ മേല്‍ ചുമത്തുന്ന പുതുക്കിയ തീരുവയുടെ നിരക്കുകള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ മേല്‍ ചുമത്തുന്നത് 25 ശതമാനമാകും. ഇത് ഏഴ് ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Content Highlight: Canadian Prime Minister Mark Carney expresses disappointment over US action of 35% tariff on imports