'പ്രതിഷേധമൊക്കെ ഓക്കെ, പക്ഷേ ഈ ട്രക്ക് നിരത്തിയുള്ള സമരം അവസാനിപ്പിക്കണം': ജസ്റ്റിന്‍ ട്രൂഡോ
World News
'പ്രതിഷേധമൊക്കെ ഓക്കെ, പക്ഷേ ഈ ട്രക്ക് നിരത്തിയുള്ള സമരം അവസാനിപ്പിക്കണം': ജസ്റ്റിന്‍ ട്രൂഡോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 4:44 pm

ഒട്ടാവ: തലസ്ഥാനമായ ഒട്ടാവയില്‍ ട്രക്കുകള്‍ ഉപയോഗിച്ച് നടത്തുന്ന സമരപരിപാടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

കനേഡിയന്‍ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലെ എമര്‍ജന്‍സി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

”എല്ലാവരും കൊവിഡ് കാരണം മടുത്തിരിക്കുകയാണ്. എന്നാല്‍ ഈ സമരങ്ങളല്ല കൊവിഡിനെ മറികടക്കുന്നതിനുള്ള ഉപാധി,” ട്രൂഡോ പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി തലസ്ഥാനനഗരമായ ഒട്ടാവയില്‍ ‘ഫ്രീഡം കണ്‍വോയ് 2022’ (Freedom Convoy 2022)ന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടന്നുവരികയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരെയാണ് പ്രതിഷേധം.

അമേരിക്ക-കാനഡ അതിര്‍ത്തി കടക്കണമെങ്കില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കിയതും പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെയായിരുന്നു ട്രൂഡോ പാര്‍ലമെന്റില്‍ സംസാരിച്ചത്.

”കാനഡക്കാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അവരുടെ സര്‍ക്കാരുമായി വിയോജിക്കാനും സമരം ചെയ്യാനും അവരുടെ ശബ്ദം ഉയര്‍ത്താനുമുള്ള അവകാശമുണ്ട്.

ആ അവകാശം നമ്മള്‍ എന്നും സംരക്ഷിക്കും. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, നമ്മുടെ സമ്പദ് വ്യവസ്ഥയെയും, ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തടസപ്പെടുത്താനുള്ള അവകാശം സമരക്കാര്‍ക്കില്ല. ഇത് അവസാനിപ്പിക്കണം,” ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് പോസിറ്റീവായിരുന്ന ട്രൂഡോ ഐസലേഷനില്‍ കഴിയുകയായിരുന്നു. ഇത് കാരണം പ്രധാനമന്ത്രിയുടെ ഷെഡ്യൂളില്‍ ഹൗസ് ഓഫ് കോമണ്‍സിലെ എമര്‍ജന്‍സി സെഷന്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ എമര്‍ജന്‍സി സെഷനില്‍ പങ്കെടുക്കാന്‍ ട്രൂഡോ പാര്‍ലമെന്റിലെത്തുകയായിരുന്നു.


Content Highlight: Canadian PM Justin Trudeau says truckers’ protest in Covid matter has to stop