ഒട്ടാവ: ഗസയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല (ജി.എസ്.എഫ്) ദൗത്യത്തിലെ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോയ ഇസ്രഈല്‍ നടപടിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നെ. ഇസ്രഈല്‍ പ്രസിഡന്റ് ഇസാക് ഹെര്‍ഗോസുമായി നടത്തിയ ടെലഫോണ്‍ ചര്‍ച്ചയില്‍ മാര്‍ക് കാര്‍നെ ഇക്കാര്യം ആവശ്യപ്പെട്ടതായി കനേഡിയന്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആക്ടിവിസ്റ്റുകള്‍ക്കെതിരായ അതിക്രമങ്ങളെ കാര്‍നെ അപലപിച്ചതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫ്‌ളോട്ടില്ല ബോട്ടുകളിലുണ്ടായിരുന്ന കനേഡിയന്‍ പൗരര്‍ അടക്കമുള്ള സാധാരണക്കാര്‍ക്കെതിരേയുണ്ടായ ഭയാനകമായ ഇടപെടലിനെ അംഗീകരിക്കില്ലെന്ന നിലപാട് ചര്‍ച്ചയില്‍ കാര്‍നെ ആവര്‍ത്തിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ നടത്തിയ പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നതായും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ സംരക്ഷണവും മനുഷ്യന്റെ അന്തസ്സിനെ മാനിക്കലും എല്ലായിടത്തും എല്ലാ സമയത്തും പാലിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ വിഷയത്തില്‍ ദ്വി-രാഷ്ട്ര പരിഹാര നിര്‍ദേശത്തെ കാനഡ പിന്തുണയ്ക്കുന്നു. നിലനില്‍ക്കാന്‍ സാധ്യതയുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം ഇസ്രഈലിന് ഒപ്പം നിലവില്‍ വരണം. സമാധാനവും സുരക്ഷയും മേഖലയില്‍ ഉറപ്പ് വരേണ്ടതുണ്ടെന്നും ഇസ്രഈല്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ കാര്‍നെ പറഞ്ഞു.
ഇസ്രഈല്‍ സുരക്ഷാ സംവിധാനങ്ങളെയും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശങ്ങളെയും കാനഡ പിന്തുണയ്ക്കുന്നു. ഒപ്പം സിവിലിയന്‍മാരെയും സിവിലിയന്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുക എന്നത് പ്രധാനമാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ‘മിഡില്‍ ഈസ്റ്റിലാണ് നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മേഖലയില്‍ സ്ഥിതിഗതികളില്‍ ഇളവ് വരേണ്ടതുണ്ട്. എല്ലാ കക്ഷികളും സത്യസന്ധതയോടെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണം. ഹോര്‍മുസ് കടലിടുക്ക് അടക്കം പ്രധാന സമുദ്ര ഇടനാഴികളില്‍ സ്ഥിരത ഉറപ്പാക്കണം,’ മാര്‍ക് കാര്‍നെ പറഞ്ഞു.
ഗസയിലെ മാനുഷിക സാഹചര്യങ്ങള്‍ മഹാ വിപത്തായി തുടരുകയാണ്. മേഖലയില്‍ ജനത്തിന് സഹായം ലഭ്യമാവുന്നതിന് അനുകൂലമായ സാഹചര്യത്തിലേക്ക് ഉടന്‍ എത്തിച്ചേരേണ്ടതുണ്ടെന്നും കാര്‍നെ വ്യക്തമാക്കി. ഇസ്രഈല്‍ അനധികൃത കുടിയേറ്റവ്യാപനം, വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അക്രമസംഭവങ്ങള്‍, ഫലസ്തീനിലെ സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയോട് കാനഡക്കുള്ള എതിര്‍പ്പും അദ്ദേഹം ചര്‍ച്ചയില്‍ ആവര്‍ത്തിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലെബനന്‍ വിഷയത്തിലും ചര്‍ച്ചയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തെക്കന്‍ ലെബനനില്‍ സിവിലിയന്‍മാര്‍ക്ക് പലായനം ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. സമാധാനത്തിന്റെയും സ്ഥിരതയുടെയും കാഴ്ചപ്പാട് ഈ വിഷയത്തില്‍ വേണമെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫ്‌ളോട്ടില്ല ദൗത്യത്തിനിടെ ഇസ്രഈല്‍ തടവിലെടുത്ത് വിട്ടയച്ച ആക്ടിവിസ്റ്റുകളുടെ സംഘത്തിലെ മൂന്ന് കനേഡിയന്‍ പൗരര്‍ ഞായറാഴ്ച രാജ്യത്ത് തിരിച്ചെത്തിയിരുന്നു. സെബാസ്റ്റ്യന്‍ ടോ, മൈക്കേല്‍ ഫ്രാന്‍സ്, മേരി ഗ്രേസ് മത്തിസെന്‍ എന്നിവരാണ് തിരിച്ചെത്തിയതെന്ന് സി.ബി.സി റിപ്പോര്‍ട്ട് ചെയതു. ഇവരെ സ്വീകരിക്കാന്‍ നൂറുകണക്കിന് പേര്‍ വാന്‍കൂവര്‍ വിമാനത്താവള പരിസരത്ത് എത്തിയതായി സി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്ക് നാല് ദിവസം ഇസ്രഈല്‍ തടവില്‍ പീഢനം നേരിടേണ്ടി വന്നതായി മൈക്കില്‍ ടോ പറയുന്നു. തന്നേക്കാളും മോശം രീതിയിലാണ് മറ്റുള്ളവരെ ഇസ്രഈല്‍ അധികൃതര്‍ കൈകാര്യം ചെയ്തതെന്നും ടോ പറഞ്ഞതായി സി.ബി.എ റിപ്പോര്‍ട്ടിലുണ്ട്.
ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല (ജി.എസ്.എഫ്) ദൗത്യത്തിന്റെ ഭാഗമായി ഗസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ള സഹായമെത്തിക്കുന്നതിനായി പുറപ്പെട്ട 41 ബോട്ടുകളിലെ 420 സന്നദ്ധപ്രവര്‍ത്തകരെയായിരുന്നു അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വച്ച് കഴിഞ്ഞ വാരം ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു. ഇസ്രഈല്‍ തടങ്കലില്‍ ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നത് ഗുരുതരമായ പീഡനങ്ങളെന്ന് ജി.എസ്.എഫ് സംഘാടകര്‍ അറിയിച്ചിരുന്നു.
ഇസ്രഈലിലെ തീവ്ര വലത് നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഈ സന്നദ്ധ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. വീഡിയോ പുറത്തു വന്നതോടെ ഇസ്രഈല്‍ സര്‍ക്കാരിന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദമുയര്‍ന്നിരുന്നു. വിവിധ രാജ്യങ്ങള്‍ ഇസ്രഈല്‍ നടപടിയെ അപലപിച്ചിരുന്നു. യു.എന്നും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Content Highlight: Canada’s Mark Carney talks to President of Israel, Isaac Herzog. Calls for Independent investigation. Calls treatment of Gaza flotilla activists ‘appalling’