ഒട്ടാവ: വിസ തട്ടിപ്പ്, വ്യാജ വിസ ആരോപണങ്ങളെ ചൊല്ലി കാനഡ കൂട്ടത്തോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകള്‍ നിരസിക്കുന്നത് തുടരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള വ്യാജ വിസ അപേക്ഷകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് താത്കാലിക വിസകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാനഡ ശ്രമങ്ങള്‍ ആരംഭിച്ചത്.
വ്യാജ സന്ദര്‍ശക വിസ അപേക്ഷകള്‍ തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും മാത്രമായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്റ് സിറ്റസണ്‍ഷിപ്പ് കാനഡ, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി, പേര് വെളിപ്പെടുത്താത്ത യു.എസ് ഗ്രൂപ്പുകള്‍ എന്നിവയെ ചേര്‍ത്ത് സംയുക്ത വര്‍ക്കിങ് ഗ്രൂപ്പിന് കാനഡ രൂപം നല്‍കിയിട്ടുണ്ടെന്ന് സി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയെയും ബംഗ്ലാദേശിനെയും രാജ്യാധിഷ്ഠിത വെല്ലുവിളികള്‍ എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം, കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കാനഡയുടെ പുതിയ ബില്‍ സി-12 നടപ്പിലായാല്‍ പകര്‍ച്ചവ്യാധികള്‍, സുരക്ഷാഭീഷണികള്‍, സായുധ സംഘട്ടനങ്ങള്‍ പോലുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ വിസ റദ്ദാക്കാന്‍ രാജ്യത്തിന് അധികാരമുണ്ടായിരിക്കും.
നിര്‍ദിഷ്ട രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെ ലക്ഷ്യം വെയ്ക്കുന്ന ഈ നിയമനിര്‍മാണത്തിന്റെ പേരില്‍ മുഴുവന്‍ വിഭാഗത്തില്‍ നിന്നുമുള്ള വിസകളും റദ്ദാക്കാന്‍ കാനഡയ്ക്ക് അധികാരമുണ്ടായിരിക്കും. ഇതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശങ്കയാകുന്നത്.
ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിന്റെ ഊഷ്മളത അടുത്തകാലത്തായി നഷ്ടപ്പെട്ടിരുന്നു. കാനഡയില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തുകയാണ് എന്ന് കാനഡ ആരോപിച്ചതുടക്കമുള്ള സംഭവങ്ങള്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിച്ചിരുന്നു.
കാനഡ ഇന്ത്യന്‍ അപേക്ഷകരുടെ വിസകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ തോത് ഈയടുത്ത കാലത്തായി കുറച്ചിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച 75 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടു. നാലിലൊന്ന് അപേക്ഷകളും നിരസിക്കപ്പെട്ട സാഹചര്യം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കേണ്ടെന്ന കാനഡയുടെ തീരുമാനത്തിന്റെ ബാക്കി പത്രമാണോ എന്നാണ് ആശങ്ക.
2023ല്‍ കാനഡ വിസ നിരസിച്ചത് 33 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെത് മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ആകെ ലഭിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 40 ശതമാനം മാത്രമായിരുന്നു കാനഡ നിരസിച്ചിരുന്നത്. ചൈനയില്‍ നിന്നുള്ള 24 ശതമാനം അപേക്ഷകളും അന്ന് നിരസിച്ചിരുന്നു.
അതേസമയം, 2023 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നും 20,900 അപേക്ഷകളാണ് കാനഡയ്ക്ക് ലഭിച്ചത്. എന്നാല്‍ വിസ നിരസിക്കല്‍ കൂടിയതോടെ ഇത് 2025ല്‍ 4515 ആയി കുറഞ്ഞു.
താത്കാലിക കുടിയേറ്റവും വിസ തട്ടിപ്പും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാനഡ തുടര്‍ച്ചയായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതികള്‍ കുറയ്ക്കുന്നത് എന്നാണ് വിശദീകരണം.
കാനഡയിലേക്ക് കുടിയേറുന്നതും പഠനത്തിനായി ഏത്തുന്നതുമായ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.