India
പ്രസവിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ല; 17കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി
അനിത സി
Friday, 6th February 2026, 4:31 pm
ന്യൂദല്‍ഹി: ഒരു സ്ത്രീയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. 17ാം വയസില്‍ ഗര്‍ഭം ധരിച്ച പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം. 30 ആഴ്ച വളര്‍ച്ചയുണ്ട് ഗര്‍ഭസ്ഥ ശിശുവിന്. നിലവില്‍ പെണ്‍കുട്ടിക്ക് 18 വയസും നാല് മാസവും പ്രായമായി.
ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ബോംബൈ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഗര്‍ഭം തുടരാനും പ്രസവത്തിന് ശേഷം കുഞ്ഞിനെ ദത്ത് നല്‍കാനുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശത്തിനും മുകളിലാണ് ഒരു സ്ത്രീയുടെ പ്രത്യുത്പാദന വിഷയത്തിലെ സ്വാതന്ത്ര്യമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ജീവന് ആപത്തൊന്നും വരുത്തില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് കോടതി അനുമതി നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭ ഛിദ്രത്തിന് സമ്മതം നല്‍കുന്ന രേഖാമൂലമുള്ള ഉറപ്പ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി അവരുടെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വിധിയില്‍ വിശദീകരിച്ചു. ആരുടെ താത്പര്യമാണ് പരിഗണിക്കേണ്ടത്? ഗര്‍ഭസ്ഥ ശിശുവിന്റെയോ അമ്മയുടേയോ? ചില സമയങ്ങളില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്നും സുപ്രീം കോടതി ജസ്റ്റിസ് പറഞ്ഞു.
ഒരു സുഹൃത്തുമായുള്ള ബന്ധത്തില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടി ഗര്‍ഭാവസ്ഥ തുടരുകയാണെങ്കില്‍ ശാരീരികമായും മാനസികമായും വലിയ ട്രോമയിലേക്ക് വീണ് പോവുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
നിയമപരമല്ലാത്ത ബന്ധത്തിലൂടെ ജനിക്കുന്ന കുഞ്ഞിനും മാതാവിനും സാമൂഹികമായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും ഭാവിയില്‍ ഗുരുതരമായ മാനസികാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു.
പെണ്‍കുട്ടിക്ക് ഗര്‍ഭം തുടരാന്‍ താത്പര്യമില്ലെന്ന വിഷയത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് കോടതി പ്രസ്താവിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാലും ഒരു സുഹൃദ്ബന്ധത്തില്‍ നിന്നാണ് ഈ നിര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായത് എന്നതിനാലും പെണ്‍കുട്ടി ഗര്‍ഭാവസ്ഥയില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു.
രാജ്യത്ത മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (MTP) നിയമപ്രകാരം 20 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രത്തിന് സ്വന്തം താത്പര്യപ്രകാരം ഒരു സ്ത്രീക്ക് തീരുമാനമെടുക്കാം.
24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിന് അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടോ എന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചതിന് ശേഷം മാത്രമേ അനുമതി നല്‍കൂ.
Content Highlight: Can’t Compel A Woman; Supreme Court allows 17-year-old to have an abortion