ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിച്ചാല്‍ പട്ടിക ജാതി സംവരണം അവകാശപ്പെടാന്‍ കഴിയില്ല; മദ്രാസ് ഹൈക്കോടതി
national news
ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിച്ചാല്‍ പട്ടിക ജാതി സംവരണം അവകാശപ്പെടാന്‍ കഴിയില്ല; മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 8:28 am

മധുര: ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിച്ചതിനാല്‍ പട്ടികജാതി (എസ്.സി) സംവരണം അവകാശപ്പെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.. കന്യാകുമാരിയിലെ തെരൂര്‍ ടൗണ്‍ പഞ്ചായത്ത് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകയെ ഈ കാരണത്താല്‍ അയോഗ്യയാക്കിയായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരിയാണ് വിധി പുറപ്പെടുവിച്ചത്. ഡി.എം.കെ വാര്‍ഡ് അംഗമായ വി. അയ്യപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത സ്ഥാനത്തേക്ക് ക്രിസ്ത്യാനിയായ ഒരാള്‍ മത്സരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

കന്യാകുമാരിയിലെ തെരൂര്‍ ടൗണ്‍ പഞ്ചായത്ത് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തക വി. അമുത റാണി എന്ന സ്ത്രീ ഹിന്ദു പള്ളര്‍ സമുദായത്തില്‍ (എസ്.സി വിഭാഗം) ജനിച്ചെങ്കിലും 2005-ല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ ഈ നിയമപ്രകാരം വിവാഹം ചെയ്യാന്‍ കഴിയൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.

അമുത റാണി താന്‍ ക്രിസ്തുമതം (മാമോദിസ) സ്വീകരിച്ചിട്ടില്ലെന്ന് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. 1872-ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരം വിവാഹം കഴിക്കുമ്പോള്‍, ആ വ്യക്തി സ്വമേധയാ ക്രിസ്തുമതം സ്വീകരിക്കുന്നതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി.

തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരുടെ (സേവന വ്യവസ്ഥകള്‍) നിയമം, 2016 പ്രകാരം ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയില്‍ വിശ്വസിക്കാത്ത ഒരാളെ പട്ടികജാതി അംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി പഞ്ചായത്ത് തലത്തിലെ പദവി പൊതുസേവനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഈ നിയമം അമുത റാണിക്കും ബാധകമാണെന്നും അതിനാല്‍ അവര്‍ക്ക് ഹിന്ദുവാണെന്ന് സ്വയം അവകാശപ്പെടാനോ സര്‍ക്കാര്‍ ജോലികള്‍ക്കായി പട്ടികജാതി സംവരണം ഉപയോഗിക്കാനോ കഴിയില്ലെന്നും വ്യക്തമാക്കി.

Content Highlight: Can’t claim Scheduled Caste reservation if married to a Christian: Madras High Court