ലോകകപ്പ് വിജയം മഹത്തരമാണ്. എന്നാല്‍ അതിനെ നിലനിര്‍ത്തുക എന്നത് സമയത്തെയും ഓര്‍മകളെയും ഒരേസമയം വെല്ലുവിളിക്കുന്ന ദുഷ്‌കര ദൗത്യമാണ്. ആ ദൗത്യത്തില്‍ വിജയിച്ചവരുടെ പേരുകള്‍ ലോകകപ്പ് ട്രോഫിയില്‍ സ്വര്‍ണലിപികളാല്‍ കൊത്തിവെച്ചിരിക്കുന്നത് രണ്ടേ രണ്ട് തവണ മാത്രമാണ്. ഇറ്റലിയുടെയും (1934, 1938), ബ്രസീലിന്റെയും (1958, 1962) പേരുകളായിരുന്നു അത്. ആ നേട്ടത്തില്‍ അവസാനമായി കാനറികള്‍ സ്പര്‍ശിച്ചിട്ട് 60 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.

ഇപ്പോള്‍ ആ അപൂര്‍വ നേട്ടത്തിന്റെ കവാടത്തിന് മുന്നില്‍ വീണ്ടും ഒരു അര്‍ജന്റീനന്‍ സംഘം നില്‍ക്കുന്നു.
2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഇറങ്ങുമ്പോള്‍ അത് ഒരു സാധാരണ മത്സരം മാത്രമല്ല നീലവരയന്മാര്‍ക്ക്. ഖത്തറില്‍ ആരംഭിച്ച മഹത്തായ യാത്രയുടെ തുടര്‍ അദ്ധ്യായം കൂടിയാണ്.

2022 ലോകകപ്പുമായി അർജന്റീന ടീം.

1990ല്‍ കൈവിട്ടുപോയ കിരീടത്തുടര്‍ച്ചയുടെ മോഹം, തലമുറകളായി അര്‍ജന്റീനയുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പ്രതീക്ഷ, പൂര്‍ത്തിയാകാതെ കിടക്കുന്ന ഒരു ദൗത്യം എല്ലാം നാളെ മൈതാനത്തിറങ്ങും.

ആ പ്രതീക്ഷയുടെ കേന്ദ്രത്തില്‍ വീണ്ടും ഒരാള്‍ നില്‍ക്കുന്നു ലയണ്‍ മെസി.
ആറാമത്തെ ലോകകപ്പിനായി ബൂട്ട് കെട്ടുന്ന മെസി, മനുഷ്യന്റെ സഹനവും പ്രതിഭയും കാലത്തെ എത്രത്തോളം അതിജീവിക്കാമെന്നതിന്റെ ജീവനുള്ള തെളിവാണ്.

നാളത്തെ മത്സരം അര്‍ജന്റീന ജഴ്‌സിയില്‍ അദ്ദേഹത്തിന്റെ ഇരുന്നൂറാമത്തെ മത്സരവുമാണ്. രണ്ട് പതിറ്റാണ്ടോളം ഒരു ജനതയുടെ പ്രതീക്ഷകളെ ചുമലിലേറ്റി നടന്ന അയാള്‍ ചരിത്രത്തിലേക്ക് മറ്റൊരു താള്‍ കൂടി ചേര്‍ക്കുകയാണ്.

പരിക്കില്‍ നിന്ന് പൂര്‍ണക്ഷമത വീണ്ടെടുത്താണ് മിശിഹായുടെ വരവ്. പരിശീലകന്‍ സ്‌കലോണിയുടെ വാക്കുകളിലും അതിന്റെ ആത്മവിശ്വാസമുണ്ട്.

‘ലിയോ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹം മത്സരത്തിന് സജ്ജമാണ്.’

മെസി

ഖത്തറില്‍ ലോകത്തെ കീഴടക്കിയ സംഘത്തിന്റെ ആത്മാവിനെ അതേപടി നിലനിര്‍ത്തിയാണ് സ്‌കലോണി പുതിയ ദൗത്യത്തിനിറങ്ങുന്നത്. 26 അംഗ സംഘത്തില്‍ 17 പേരും കഴിഞ്ഞ ലോകകപ്പിലെ വിജയശില്‍പ്പികള്‍. എമി മാര്‍ട്ടിനസ് വീണ്ടും ഗോള്‍വല കാക്കാന്‍ ഒരുങ്ങുന്നു.

ജൂലിയന്‍ ആല്‍വരസ് പരിക്ക് മാറി തയ്യാര്‍. നിക്കോ പാസ്, തിയാഗോ അല്‍മേഡ തുടങ്ങിയ യുവമുഖങ്ങള്‍ പുതിയ ഊര്‍ജം പകരുന്നു.

എന്നാല്‍ ചാമ്പ്യന്‍മാരുടെ യാത്രയില്‍ പോലും ചില നിശബ്ദ ചോദ്യങ്ങള്‍ ഉണ്ടാകും.
കാലം മുന്നോട്ട് പോകുമ്പോള്‍ ഒരു വിജയസംഘത്തെ അതേപടി നിലനിര്‍ത്തുന്നത് അനുഗ്രഹമാണോ, അതോ അദൃശ്യമായ തിരിച്ചടിയോ?

മറ്റൊരു നൊമ്പരവും അര്‍ജന്റീനക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.
നിര്‍ണായക രാത്രികളില്‍ ഭാഗ്യദേവതയെപ്പോലെ പ്രത്യക്ഷപ്പെട്ട എയിഞ്ചല്‍ ഡി മരിയ ഇത്തവണ ഇല്ല. ഖത്തര്‍ ഫൈനലിലെ ആ ഓട്ടവും, ആ കണ്ണീരും, ആ പുഞ്ചിരിയും ഇനി ഓര്‍മകളില്‍ മാത്രം.

ചില അഭാവങ്ങള്‍ സ്‌കോര്‍ബോര്‍ഡില്‍ കാണില്ല; പക്ഷേ ആരാധകരുടെ ഹൃദയത്തില്‍ തെളിഞ്ഞുനില്‍ക്കും.
ചിലര്‍ ടീമില്‍ നിന്ന് വിരമിക്കും, ചിലര്‍ ബൂട്ടഴിച്ചാലും ടീമിന്റെ ഹൃദയമായി എന്നും അവിടെത്തന്നെ തുടരും. അവരില്‍ ഒരാളാണ് മരിയ.

മറുവശത്ത് ബൂട്ടുമുറുക്കുന്നത് വിശപ്പുള്ള അള്‍ജീരിയയാണ്.
പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവര്‍ ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തുന്നത്. സന്നാഹ മത്സരങ്ങളില്‍ ബൊളീവിയയെയും നെതര്‍ലാന്‍ഡ്‌സിനെയും വീഴ്ത്തിയും ഉറുഗ്വേയെ സമനിലയില്‍ തളച്ചുമാണ് വരവ്.

മുഹമ്മദ് അമ്മോറയും റിയാദ് മെഹറസും നയിക്കുന്ന ആഫ്രിക്കന്‍ പോരാളികള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാനുള്ളത് മാത്രമാണ് മുന്നില്‍. അതുകൊണ്ട് നാളത്തെ മത്സരം ഒരു വെറും കളിയല്ല.
ഒരു ചാമ്പ്യന്റെ അവകാശവാദവും ഒരു തിരിച്ചുവരവുകാരന്റെ വിശപ്പും തമ്മിലുള്ള ഏറ്റുമുട്ടലാണ്.
60 വര്‍ഷമായി ആരും സ്പര്‍ശിക്കാത്ത മഹത്വത്തിലേക്കുള്ള പുതിയ യാത്രയുടെ തുടക്കക്കുറിപ്പും.

1990 ല്‍ ഡീഗോ മറഡോണയുടെ കണ്ണുനീരില്‍ അവസാനിച്ച മോഹം, 2022ല്‍ മെസിയുടെ പുഞ്ചിരിയില്‍ വീണ്ടും മിടിപ്പ് നേടി. ഇപ്പോള്‍ ആ യാത്ര മറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. കാലം ചില നേട്ടങ്ങളെ എല്ലാവര്‍ക്കും സമ്മാനിക്കില്ല. അത് ക്ഷമയോടെ കാത്തിരിക്കും, അര്‍ഹരായവരെ കണ്ടെത്താന്‍.

60 വര്‍ഷമായി ആരും സ്പര്‍ശിക്കാത്ത മഹത്വത്തിന്റെ വാതില്‍ വീണ്ടും തുറക്കാന്‍ മെസിക്കും അര്‍ജന്റീനക്കും കഴിയുമോ? അതിനുള്ള ആദ്യ സൂചനയാകും നാളത്തെ മത്സരം.

 

Content Highlight: Can Messi win back-to-back FIFA World Cups? Article written by M.M Jafar Khan