ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ടെസ്റ്റ് സെഞ്ച്വറിയുമായി കാമറൂണ്‍ ഗ്രീന്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍താംപ്ടണ്‍ഷെയറിനെതിരെ ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടിയാണ് ഗ്രീന്‍ സെഞ്ച്വറി നേടിയത്. ദി കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 185 പന്ത് നേരിട്ട് 118 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ഗ്ലോസ്റ്റര്‍ഷെയറിന്റെ ആദ്യ ഇന്നിങ്‌സിലാണ് ഗ്രീന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഏറെ നാളുകള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ തന്നില്‍ നിന്നും പലതും പ്രതീക്ഷിക്കാമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രകടനമാണ് താരം കൗണ്ടിയില്‍ പുറത്തെടുക്കുന്നത്.
Cameron Green with another century for Gloucestershire today, scoring 118* 💛🖤
— Gloucestershire Cricket 🏆 (@Gloscricket) May 25, 2025
നേരത്തെ കെന്റിനെതിരായ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 128 റണ്‍സ് നേടിയ ഗ്രീന്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 67 റണ്‍സും സ്വന്തമാക്കി.
— Gloucestershire Cricket 🏆 (@Gloscricket) May 25, 2025
എട്ട് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു നോര്‍താംപ്ടണ്‍ഷെയറനെതിരായ ഗ്രീനിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സ് ടീമിന്റെ ടോപ് സ്‌കോററും ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നോര്‍താംപ്ടണ്‍ഷെയര്‍ ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സ് നേടി. സൈഫ് സായിബ് (241 പന്തില്‍ 159), ജെയിംസ് സെയ്ല്‍സ് (167 പന്തില്‍ 81), കാല്‍വിന്‍ ഹാരിസണ്‍ (118 പന്തില്‍ 63) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിലാണ് നോര്‍താംപ്ടണ്‍ഷെയര്‍ മികച്ച സ്‌കോറിലെത്തിയത്.
— Northamptonshire CCC (@NorthantsCCC) May 24, 2025
ഗ്ലോസ്റ്റര്‍ഷെയറിനായി ആര്‍ച്ചി ബെയ്‌ലി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്രെയം വാന്‍ ബ്യൂറന്‍, ബെന്‍ ചാള്‍സ് വെര്‍ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ടോം പ്രിന്‍സ്, മാത്യൂ ടെയ്‌ലര്‍, ഒലി പോപ്പ് എന്നിവരാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഗ്ലോസ്റ്റര്‍ഷെയര്‍ 379/8 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഗ്രീനിന് പുറമെ ക്യാപ്റ്റന്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (143 പന്തില്‍ 60), മൈല്‍സ് ഹാമണ്ട് (62 പന്തില്‍ 51) എന്നിവരാണ് റണ്ണടിച്ച മറ്റ് താരങ്ങള്‍.
— Gloucestershire Cricket 🏆 (@Gloscricket) May 26, 2025
ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച നോര്‍താംപ്ടണ്‍ഷെയര്‍ 259/6 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 350 റണ്‍സിന്റെ വിജയലക്ഷ്യം ഗ്ലോസ്റ്റര്‍ഷെയറിന്റെ മുമ്പില്‍ വെക്കുകയും ചെയ്തു.
മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ 35/1 എന്ന നിലയിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ ബാറ്റിങ് തുടരുന്നത്.
നോര്‍താംപ്ടണ്‍ഷെയറിനെതിരായ സെഞ്ച്വറിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ആരാധകരാണ് ആവേശത്തിന്റെ കൊടുമുടി കയറുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തുവരവെ ഗ്രീന്‍ ഫോമിലേക്കുയരുന്നത് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.
ജൂണ്‍ 11 മുതല്‍ ജൂണ്‍ 15 വരെയാണ് വേല്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഫൈനല്‍ പോരാട്ടം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഓസീസ് ഫൈനലിന് യോഗ്യത നേടിയത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.