മാരാറെയും നിരഞ്ജനെയും പോലുള്ള ഗസ്റ്റ് റോളിന് പകരം ഇപ്പോള്‍ കിട്ടുന്നത് ഗില്ലി ബാലയും ബുള്ളറ്റ് വാള്‍ട്ടറും, ബിഗ് എംസിന്റെ കാമിയോ സ്‌കാം
Malayalam Cinema
മാരാറെയും നിരഞ്ജനെയും പോലുള്ള ഗസ്റ്റ് റോളിന് പകരം ഇപ്പോള്‍ കിട്ടുന്നത് ഗില്ലി ബാലയും ബുള്ളറ്റ് വാള്‍ട്ടറും, ബിഗ് എംസിന്റെ കാമിയോ സ്‌കാം
അമര്‍നാഥ് എം.
Friday, 21st August 2026, 11:01 am

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യുന്ന ഗസ്റ്റ് റോളുകള്‍ക്ക് അന്നും ഇന്നും സ്വീകാര്യതയുണ്ട്. കഥയുടെ നിര്‍ണായകമായ പോയിന്റില്‍ നായകനെ സഹായിക്കാനോ അല്ലെങ്കില്‍ കഥാഗതിയില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടാക്കാനോ വേണ്ടിയാണ് സാധാരണയായി ഇത്തരം അതിഥിവേഷങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഗംഭീരമായ അതിഥിവേഷങ്ങളുടെ വലിയൊരു ലിസ്റ്റ് മലയാളസിനിമയിലുണ്ട്.

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ മമ്മൂട്ടിയുടെയും മനു അങ്കിളില്‍ മോഹന്‍ലാലിന്റെയും അതിഥിവേഷങ്ങള്‍ അന്നത്തെ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായിരുന്നു. മാസ് സിനിമയുടെ അവസാനവാക്കായ നരസിംഹത്തിലെ നന്ദഗോപാല്‍ മാരാറും സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ നിരഞ്ജനും പ്രേക്ഷകരുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്.

എക്സ്റ്റന്‍ഡഡ് കാമിയോ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന കഥ പറയുമ്പോളിലെ അശോക് രാജിനെയും പ്രേക്ഷകര്‍ മറക്കാനിടയില്ല. അതുവരെ നായകനായി തിളങ്ങിയ ശ്രീനിവാസന്റെ ബാലനെ സൈഡാക്കി മമ്മൂട്ടി അവതരിപ്പിച്ച അശോക് രാജ് നിഷ്പ്രഭമാക്കി. എന്നാല്‍ ഇപ്പോള്‍ മോളിവുഡില്‍ വരുന്ന കാമിയോകളൊന്നും ഒരു ഇംപാക്ടും ഉണ്ടാക്കുന്നില്ലെന്നത് വ്യക്തമായ കാര്യമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോളിവുഡില്‍ കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാമിയോകള്‍ റിലീസിന് മുമ്പുള്ള ഹൈപ്പില്‍ മാത്രം ഒതുങ്ങുകയാണ്. കൊവിഡിന് ശേഷമാണ് ഇത്തരം കാമിയോ ട്രെന്‍ഡ് ആരംഭിച്ചത്. ജയിലറില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തൊട്ടടുത്ത വര്‍ഷം ഓസ്‌ലറില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തി.

ജയിലറില്‍ മാത്യു കൈയടി നേടിയപ്പോള്‍ ആവറേജായ ഓസ്‌ലറിനെ ഒരു പരിധിവരെ രക്ഷിച്ചത് മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടറാണ്. ദിലീപിന്റെ എട്ടാമത്തെ കംബാക്കായ ഭ ഭ ബ റിലീസിന് മുമ്പ് ഹൈപ്പ് ഉയര്‍ത്തിയത് മോഹന്‍ലാലിന്റെ സാന്നിധ്യമായിരുന്നു. വന്‍ ഹൈപ്പിലെത്തിയ ചിത്രം ട്രോള്‍ മെറ്റീരിയലായി മാറി. മോഹന്‍ലാലിനെ വിളിച്ചുവരുത്തി കോമാളിയാക്കിയ കഥാപാത്രമായിരുന്നു ഭ ഭ ബയിലെ ഗില്ലി ബാല.

തന്റെ ലാലു ട്രോള്‍ മെറ്റീരിയലായത് കണ്ട് സഹിക്കാന്‍ പറ്റാതെ മമ്മൂട്ടിയും മറ്റൊരു കാമിയോ റോളുമായി പ്രേക്ഷകരുടെ മുന്നിലെത്തി. ഈ വര്‍ഷം പുറത്തിറങ്ങിയ ചത്താ പച്ചയില്‍ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. അതുവരെ നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്ന സിനിമയുടെ ഗ്രാഫ് മമ്മൂട്ടിയുടെ എന്‍ട്രിക്ക് ശേഷം ഡൗണായി.

മകള്‍ വിസ്മയയുടെ തുടക്കത്തില്‍ കാമിയോയും ഫൈറ്റും ചെയ്ത് മോഹന്‍ലാല്‍ വീണ്ടും സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. സിനിമയില്‍ മുഴച്ചുനിന്ന ഒരേയൊരു ഭാഗം ഇതായിരുന്നു. ഏറ്റവുമൊടുവില്‍ ക്രിസ്മസ് പാപ്പയുടെ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ഖലീഫയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രീ റിലീസ് ഹൈപ്പിനും ഫസ്റ്റ് ഡേ കളക്ഷനുമല്ലാതെ ഇത്തരം കാമിയോ ഒരുതരത്തിലും സിനിമയെ സഹായിക്കില്ല.

സമീപകാലത്ത് കണ്ടതില്‍ കാമിയോ റോളുകളെ ഏറ്റവും ഭംഗിയായി ഉപയോഗിച്ചത് ലോകഃയിലാണ്. ടൊവിനോയുടെ ചാത്തനും ദുല്‍ഖറിന്റെ ഒടിയനും ഗംഭീര ഇംപാക്ട് നല്‍കിയപ്പോള്‍ സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, അഹാന കൃഷ്ണ, ശാന്തി ബാലചന്ദ്രന്‍ എന്നിവരുടെ ക്യാരക്ടര്‍ പ്ലെയ്‌സ്‌മെന്റും ഗംഭീരമായി അനുഭവപ്പെട്ടു. സിനിമയുടെ ഹൈപ്പ് കൂട്ടുന്നതിന് പകരം കഥയ്ക്ക് ആവശ്യമുള്ള കാമിയോ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഇനിയെങ്കിലും സംവിധായകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Content Highlight: Cameos of Mammootty and Mohanlal disappointing continuously

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം