ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ മര്‍ദിച്ച് വി.എച്ച്.പി- സംസ്‌കൃതി ബച്ചാവോ പ്രവര്‍ത്തകര്‍
national news
ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ മര്‍ദിച്ച് വി.എച്ച്.പി- സംസ്‌കൃതി ബച്ചാവോ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2025, 4:04 pm

ഭോപ്പാല്‍: ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തിയ  മുസ്‌ലിം  യുവാവിനെ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലാണ് സംഭവം.

ഭോപ്പാലിലെ ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമുണ്ടായത്. രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

നര്‍സിങ് പൂര്‍ സ്വദേശിയായ മുസ്‌ലിം യുവാവിനാണ് ആക്രമണം നേരിട്ടത്. പിപാരിയ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായി ഭോപ്പാലില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

അഭിഭാഷകരുടെ അടുത്തെത്തിയപ്പോള്‍ വിവരം ചോര്‍ന്നതായും പിന്നാലെ കോടതി സമീപത്ത് സംഘടനകള്‍ ഒത്തുകൂടുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു അക്രമികള്‍ ആരോപിച്ചത്. അക്രമികള്‍ യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പിന്നാലെ സംഭവത്തില്‍ പൊലീസ് ഇടപെടുകയുണ്ടായി. ദമ്പതികളെ എം.പി നഗര്‍ പൊലീസ് സ്റ്റേ,നിലേക്ക് കൊണ്ടുപോവുകയും മൊഴി രേഖപ്പെടുത്തിയതുമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlight: came to marry someone of a different religion; VHP-Sanskriti Bachao activists beat Muslim youth