തായ്‌ലന്റ്-കംബോഡിയ സംഘർഷം; വെടിനിർത്തൽ ആവശ്യപ്പെട്ട് കംബോഡിയ
Trending
തായ്‌ലന്റ്-കംബോഡിയ സംഘർഷം; വെടിനിർത്തൽ ആവശ്യപ്പെട്ട് കംബോഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th July 2025, 8:51 am

ബാങ്കോക്ക്: രണ്ട് ദിവസമായി തുടരുന്ന തായ്‌ലന്റ്-കംബോഡിയ സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്ന് കംബോഡിയ. കംബോഡിയയുടെ അംബാസഡർ ഛിയ കിയോ ഐക്യരാഷ്ട്ര സഭയിൽ തന്റെ രാജ്യം ഒരു വെടിനിർത്തൽ ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞു. തർക്കത്തിന് തങ്ങൾ സമാധാനപരമായ പരിഹാരം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ നിർദേശത്തിൽ തായ്‌ലന്റ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സ്ഥിതിഗതികൾ വഷളായതായി തായ് ആക്ടിങ് പ്രധാനമന്ത്രി ഫുംതം വെച്ചായചായി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു. അത് ഒരു യുദ്ധാവസ്ഥയിലേക്ക് നീങ്ങിയേക്കാം,’ ഫുംതം വെച്ചായചായി പറഞ്ഞു.

അതേസമയം മലേഷ്യൻ പ്രധാനമന്ത്രിയും അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ചെയർമാനുമായ അൻവർ ഇബ്രാഹിം മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശത്തെ പിന്തുണച്ചതായി കമ്പോഡിയൻ പ്രധാനമന്ത്രി ഹാൻ മാനെറ്റ് പറഞ്ഞു. എന്നാൽ ആദ്യം നിർദേശത്തെ പിന്തുണച്ച തായ്‌ലന്റ് പിന്നീട് പിന്തുണ പിൻവലിച്ചുവെന്നും ഹാൻ മാനെറ്റ് കൂട്ടിച്ചേർത്തു.

തായ്‌ലന്റ്-കംബോഡിയ സംഘർഷത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടു. തായ്‌ലാന്റുമായുള്ള സംഘർഷത്തിൽ 12 പേർ കൊല്ലപ്പെട്ടതായി കംബോഡിയൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ആക്രമണങ്ങളിലായായി കുട്ടികൾ ഉൾപ്പെടെ 14 സാധാരണക്കാരും ആറ് സൈനികരും കൊല്ലപ്പെട്ടതായി തായ്‌ലന്റും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് മരണ സംഖ്യ 32 ആയി ഉയർന്നത്.

തങ്ങളുടെ ഏഴ് സിവിലിയന്മാരും അഞ്ച് സൈനികരും മരിച്ചതായി കംബോഡിയൻ ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് മാലി സോച്ചീറ്റ സ്ഥിരീകരിച്ചു. കമ്പോഡിയൻ ആക്രമണങ്ങളിൽ 29 തായ് സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റു.

ഏകദേശം 20,000 ആളുകളെ ഒഴിപ്പിച്ചതായി കംബോഡിയയിലെ പ്രീ വിഹാർ പ്രവിശ്യയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കംബോഡിയൻ പത്രമായ ദി ഖെമർ ടൈംസ് പറഞ്ഞു. തായ്ലാന്റിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് 1,38,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഒഴിപ്പിച്ചവർക്ക് താമസിക്കാൻ ഏകദേശം 300 കേന്ദ്രങ്ങൾ തുറന്നതായി തായ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച, കംബോഡിയയുടെ അതിർത്തിയിലുള്ള എട്ട് ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.

പതിറ്റാണ്ടുകളായി തായ്-കംബോഡിയൻ അതിർത്തിയിൽ സംഘർഷമുണ്ട്. കഴിഞ്ഞ ജൂലൈ 24 ന് അതിർത്തിയിൽ ഒരു കുഴിബോംബ് സ്ഫോടനമുണ്ടാകുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു.

 

Content Highlight: Cambodia calls for immediate ceasefire with Thailand