കാലിക്കറ്റ് വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക്; വിദ്യാഭ്യാസ മന്ത്രിക്ക് വിയോജിപ്പ്
Daily News
കാലിക്കറ്റ് വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക്; വിദ്യാഭ്യാസ മന്ത്രിക്ക് വിയോജിപ്പ്
ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2014, 12:21 pm

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലറിന്റെ ഓഫീസില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയോട് തനിക്ക് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. നിയമസഭയില്‍ കെ.കെ. ലതിക എം.എല്‍.എ ഉന്നയിച്ച് സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും  സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും അബ്ദുറബ്ബ് മറുപടിയില്‍ വ്യക്തമാക്കി. മന്ത്രിയുടെ മറുപടി സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി.  എന്നാല്‍ വി.സി.യുടെ നടപടിയിന്‍മേല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. അബ്ദുസ്സലാമിന്റെ ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അടുത്തിടെ സര്‍വ്വകലാശാല ഉത്തരവിറക്കിയിരുന്നു. തന്നെ സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെടുത്താന്‍ ചിലര്‍ പെണ്‍കുട്ടികളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞാണ് വി.സി. വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പരിശീലനം ലഭിച്ച വനിതകള്‍ വി.സി.യെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് സര്‍വ്വകലശാല അധികൃതര്‍ പറഞ്ഞത്.

വി.സി.യുടെ സ്ത്രീ നിരോധനത്തിനെതിരെ വിവിധ സംഘടനകളും  വനിതാ പ്രവര്‍ത്തകരും വനിതാ ജീവനക്കാരും രംഗത്തു വന്നിരുന്നു.