ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സേവാഭാരതി വേദിയില്‍
Kerala News
ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സേവാഭാരതി വേദിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 4:54 pm

 

 

മലപ്പുറം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി. രവീന്ദ്രന്‍ ആര്‍.എസ്.എസ്. സംഘടനയായ സേവാഭാരതി വേദിയില്‍. സേവാഭാരതിയുടെ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് വൈസ് ചാന്‍സിലര്‍ പങ്കെടുത്തത്.

സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിച്ച പി. രവീന്ദ്രന്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ആര്‍.എസ്.എസ് നേതാക്കാളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വിദ്യാഭ്യാസ സംബന്ധമായ സ്വകാര്യ പരിപാടികളില്‍ വൈസ് ചാന്‍സിലര്‍ മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും സേവാഭാരതിയുടെ വേദിയിലെത്തിയത് പുതിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിട്ടുള്ളത്.

2024ലാണ് പി. രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറായി ചുമതലയേല്‍ക്കുന്നത്. അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടാണ് അദ്ദേഹത്തെ വൈസ് ചാന്‍സിലറായി നിയമിച്ചത്. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് നിലനില്‍ക്കുന്ന സമയത്ത് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പി. രവീന്ദ്രനെ വൈസ് ചാന്‍സിലറായി നിയമിച്ചത്.

കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

അതേസമയം, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്റെ എതിര്‍പ്പ് മറികടന്ന് രജ്‌സ്ട്രാര്‍ അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് നടപടി.

കാവിക്കൊടിയേന്തിയ സ്ത്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്.

ഈ വിഷയം അന്വേഷിക്കാനായി മൂന്നംഗ സമിതിയെയും സിന്‍ഡിക്കേറ്റ് നിയമിച്ചിട്ടുണ്ട്. ഡോ. ഷിജു ഖാന്‍, അഡ്വ. ജെ. മുരളീധരന്‍, ഡോ. നസീബ് എന്നിവരാണ് സമിതിയിലുള്ളത്. ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇവര്‍ മൂന്നുപേരും.

അതേസമയം ഈ വിഷയം കോടതിയെ അറിയിക്കാനായി സ്റ്റാന്റിങ് കൗണ്‍സിലിന്റെയും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്. അതോടൊപ്പം വൈസ് ചാന്‍സിലറുടെ നിലപാട് താത്കാലിക വൈസ് ചാന്‍സിലറായ ഡോ. സിസി തോമസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.

 

Content Highlight: Calicut University Vice Chancellor P. Ravindran at the RSS organization Sevabharathi.