കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി.എ മലയാളം സിലബസില്‍ നിന്ന് റാപ്പര്‍ വേടന്റേയും ഗായിക ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കണമെന്ന വിദ്ഗധസമിതിയുടെ ശുപാര്‍ശയില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍.
അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്നമായി കൂട്ടി കലര്‍ത്തരുതെന്നും വേടന്റെ പാട്ടിനെ ഒരു രാഷ്ട്രീയ വിഷയം മാത്രമായി കാണരുതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമായി പരിഗണിക്കണം. ഒരുപാട് ആസ്വാദകരുള്ള കലാകാരനാണ് വേടന്‍,’ പി. രവീന്ദ്രന്‍ പറഞ്ഞു.
സംഗീതമാണോ സാഹിത്യമാണോ താരതമ്യം ചെയ്യേണ്ടതെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദ്ഗധ സമിതിയെ ആശ്രയിച്ചതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഇരുവരുടെയും പാട്ടുകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വകുപ്പ് ബി.എ മലയാളം ആയതുകൊണ്ട് തന്നെ അവ സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായമാണ് ലഭിച്ചതെന്നും തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗരി ലക്ഷ്മിയുടെ പാട്ടും കോട്ടക്കല്‍ നാട്യ സംഘത്തിലെ ഒരാള്‍ ചൊല്ലിയതും തമ്മിലെ താരതമ്യമാണ് മറ്റൊരു വിഷയം. അത് സംഗീത പഠനത്തില്‍ അല്ലേ ഉള്‍പ്പെടുത്തേണ്ടതെന്നും മലയാള സാഹിത്യത്തില്‍ ആവശ്യമില്ലല്ലോയെന്നും വി.സി പി. രവീന്ദ്രന്‍ ചോദിച്ചു. കൂടാതെ പല വിഷയങ്ങളിലും സര്‍വകലാശാല പുറത്തുനിന്നുള്ള ആളുകളുടെ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.എ മലയാളം മുന്‍ വകുപ്പ് മേധാവി എം.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് വേടന്റേയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തത്. പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലറുടെ പ്രതികരണം.
കാലിക്കറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മാത്രമാണ് വിഷയ വിദഗ്ധര്‍ ഉള്ളൂ എന്ന ചിന്ത പാടില്ലെന്നും വി.സി പറഞ്ഞു. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് വന്നതിനുശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അക്രമവും സമരവും രണ്ടും രണ്ടാണെന്നും രാഷ്ട്രീയപരമായി കേരളം ഒരു ഭ്രാന്താലമായി മാറുന്നുണ്ടെന്നും വി.സി പറഞ്ഞു.
Content Highlight: Malayalam literature doesn’t need the songs of Vedan and Gouri Lakshmi, does it? Calicut VC