മാര്‍ക്‌സിന്റെ ചങ്ങാതി ഏംഗല്‍സ്
DISCOURSE
മാര്‍ക്‌സിന്റെ ചങ്ങാതി ഏംഗല്‍സ്
ബിബിത്ത് കോഴിക്കളത്തില്‍
Saturday, 28th November 2020, 2:33 pm

ലോകത്തെ മാറ്റിമറിച്ച സൗഹൃദമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.
കമ്യൂണിസ്റ്റ് സൗഹൃദം. അത് മാര്‍ക്‌സും ഏംഗല്‍സുമാണ്.

ലോകത്തെത്തന്നെ മാറ്റിമറിച്ച ചിന്തയുടെ ആരംഭമായിരുന്നു മാര്‍ക്‌സിസത്തിന്റേത്. മാര്‍ക്‌സിനൊപ്പംതന്നെ അതില്‍ പങ്കുവഹിച്ചുവെന്നതാണ് ഫ്രെഡറിക് ഏംഗല്‍സിന്റെ മഹത്വം. ഏംഗല്‍സിന്റെ ഇരുനൂറാം ജന്മദിനമാണിന്ന്.

ഇരുപതോളം ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു വിശ്രുതനായ ആ മഹാ അധ്യാപകന്. ‘സ്വയമറിയാനും സ്വന്തം വര്‍ഗത്തെപ്പറ്റി സ്വയം ബോധാവാന്മാരാവാനും അവര്‍ തൊഴിലാളി വര്‍ഗ്ഗത്തെ പഠിപ്പിച്ചു. സ്വപ്നങ്ങളുടെ സ്ഥാനത്ത് അവര്‍ ശാസ്ത്രത്തെ പ്രതിഷ്ഠിച്ചു’. എന്നാണ് ലെനിന്‍ ശരിയായി വിശദീകരിക്കുന്നത്.

”മനുഷ്യകുലത്തിന് ഒരു ശിരസ്സ് കുറഞ്ഞു. പക്ഷേ, ഈ കാലഘട്ടത്തിലെ ഏറ്റവും മഹനീയവും ശ്രേഷ്ഠവുമായ ശിരസ്സായിരുന്നു അത്.” മാര്‍ക്‌സിന്റെ മരണത്തെത്തുടര്‍ന്ന് ഒരു കൂട്ടുകാരന് ഏംഗല്‍സ് എഴുതുകയുണ്ടായി.

പ്രഷ്യയിലെ ബര്‍മ്മന്‍ എന്ന സ്ഥലത്ത് ഒരു വസ്ത്ര നിര്‍മ്മാണ വ്യവസായിയുടെ മകനായി 1820 നവംബര്‍ 28നാണ് ഫ്രെഡറിക് ഏംഗല്‍സ് ജനിച്ചത്. മതവിശ്വാസിയായ പിതാവ് തന്റെ മാര്‍ഗത്തിലേക്ക് മകനേയും വളര്‍ത്താന്‍ ശ്രമിച്ചെങ്കിലും വളരുന്നതോടൊപ്പം ഈശ്വരനിരാസത്തിലേക്കും ഭൗതികവാദത്തിലേക്കും എത്തുകയായിരുന്നു.

യുവഹെഗേലിയന്‍മാരായിതുടങ്ങിയ അവരുടെ തത്വചിന്താ പഠനം ഹെഗലിന്റെ ആശയവാദപരമായ നിലപാടുകള്‍ക്ക് വിരുദ്ധമായി ഭൗതികവാദപരമായാണ് മുന്നേറിയത്. ഫോയര്‍ബാഗിന്റെ ചിന്തകള്‍ ആയിരുന്നു ഇതിനു അവരെ സഹായിച്ചത്. മാഞ്ചസ്റ്ററിന്റെ ദത്തുപുത്രനായിരുന്നു ഏംഗല്‍സ് എന്നുപറയാറുണ്ട്.

ഈ നഗരത്തിലെ ജീവിതവും അനുഭവങ്ങളുമാണ് ഏംഗല്‍സില്‍ പുരോഗമന ചിന്തകളും സോഷ്യലിസ്റ്റ് ബോധവും വളര്‍ന്നുവരാനിടയാക്കിയത്. ഇന്ത്യന്‍ സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ട് മാര്‍ക്‌സ് തന്റെ കുറിപ്പുകളില്‍ പലവട്ടം ഉന്നയിക്കുന്ന പേരുകൂടിയാണ് മാഞ്ചസ്റ്റര്‍.

”കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ജന്മംനല്‍കിയതിന് ഏതെങ്കിലും സ്ഥലത്തെ പുകഴ്ത്തണമെങ്കിലോ പഴിക്കണമെങ്കിലോ അത് മാഞ്ചസ്റ്ററിനെയാവാം” എന്ന് മറ്റൊരു ചരിത്രകാരനും എഴുതുന്നതായി ഒരിടത്തുവായിച്ചിട്ടുണ്ട്.

1842 ല്‍ ഇംഗ്ലീഷ് വ്യവസായത്തിന്റെ കേന്ദ്രമായ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാക്കി, തന്റെ പിതാവിന് ഓഹരിയുണ്ടായിരുന്ന ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ഏംഗല്‍സിന് ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗത്തെ അടുത്തറിയാന്‍ അവസരം ലഭിക്കുന്നത്.

അവരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരില്‍ കണ്ട ഏംഗല്‍സ് നടുങ്ങിപ്പോയി. ‘ഭൂമിയിലെ നരകം’ എന്നാണ് ഏംഗല്‍സ് ഈ ചേരികളെ വിശേഷിപ്പിച്ചത്. വ്യവസായവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ തൊഴിലാളിവര്‍ഗത്തിന്റെ അത്യന്തം ശോചനീയമായ അവസ്ഥയെയാണ് ഏംഗല്‍സ് കരളലിയിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളെ അത്യന്തം സൂക്ഷ്മമായി തന്റെ കൃതിയില്‍ അവതരിപ്പിക്കുന്നത്. തൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഏംഗല്‍സ് എഴുതുന്നത് മാര്‍ക്‌സ് എഡിറ്ററായ റൈനിഷേ സൈറ്റിയൂംഗ് എന്ന പത്രത്തിലായിരുന്നു.

മനുഷ്യന്റെ ആയുസ്സും അവര്‍ താമസിക്കുന്ന സാമൂഹ്യ അവസ്ഥകളും തമ്മില്‍ എത്രമാത്രം ബന്ധമുണ്ടെന്ന കണ്ടെത്തലുകളിലേക്കും ഏംഗല്‍സിനെ നയിക്കുന്നത് ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങളാണ്. ഈ നിരീക്ഷണങ്ങളുടേയും പഠനങ്ങളുടേയും ഫലമായാണ് 1845ല്‍ പുറത്തുവന്ന ‘ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ അവസ്ഥ’ എന്ന പുസ്തകം.

മുതലാളിത്തത്തിന്റെയും ബൂര്‍ഷ്വാസിയുടേയും നേര്‍ക്കുള്ള അത്യന്തം തീഷ്ണമായ ഒരു കുറ്റാരോപണമായിരുന്നു അത്. ഇരുപത്തിനാലു വയസ്സുള്ളപ്പോള്‍ ഏംഗല്‍സ് എഴുതിയ ഈ പുസ്തകത്തില്‍നിന്ന് കാറല്‍ മാര്‍ക്‌സ് തന്റെ വിഖ്യാതമായ ‘മൂലധന’ത്തില്‍ അനേകം ഉദ്ധരണികള്‍ എടുത്തുചേര്‍ക്കുന്നുണ്ട് എന്നതില്‍നിന്നുതന്നെ എത്രമാത്രം ഉജ്ജ്വലമായിരുന്നു അതെന്നുവ്യക്തമാവും.

ഏംഗല്‍സിന്റെ ഓഫീസിലെ ഐറിഷ് സഹോദരിമാരായിരുന്ന മേരി ബേണ്‍സും ലിഡിയയുമാണ് തൊഴിലാളികളുടെ അത്യന്തം ശോചനീയമായ അവസ്ഥയെപ്പറ്റി പഠിക്കാന്‍ സഹായിച്ചത്. മേരി ബേണ്‍സ് പിന്നീട് ഏംഗല്‍സിന്റെ ജീവിതസഖാവായി മാറുന്നുണ്ട്. 1862ല്‍ മരിക്കുന്നതുവരെ, ഇരുപതുവര്‍ഷക്കാലം ഒരുമിച്ചു ജീവിച്ചിട്ടും അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. വ്യവസ്ഥാപിതരീതികളോടുള്ള എതിര്‍പ്പെന്നത് അവര്‍ ജീവിച്ചുകാണിക്കുകയായിരുന്നു. മേരിയുടെ മരണശേഷം സഹോദരി ലിഡിയയെ ജീവിതസഖിയാക്കുകയുണ്ടായി. അവരുടെ മരണത്തിന് തൊട്ടുമുന്‍പ് അവരുടെ ആഗ്രഹപ്രകാരം നിയമപരമായി വിവാഹിതരാവുന്നുമുണ്ട്.

നേരത്തേ കത്തിടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും 1844ല്‍ മാഞ്ചസ്റ്ററില്‍ നിന്നു മടങ്ങവെ പാരീസില്‍ വച്ചാണ് ഏംഗല്‍സ് മാര്‍ക്‌സിനെ നേരില്‍ കാണുന്നത്. ആഗസ്ത് 28 ന് പ്ലേസ് ഡൂ പലേസിലെ കഫേ ദിയാ റീജന്‍സില്‍ വെച്ചായിരുന്നു ലോകരാഷ്ട്രീയത്തേയും തത്വശാസ്ത്രത്തേയും വിശകലനരീതികളേയും മാറ്റിമറിച്ച ആ കൂടിക്കാഴ്ച നടന്നത്. യുവ ഹെഗേലിയന്‍മാരുമായുള്ള ബന്ധം ഏംഗല്‍സ് തുടരുന്നുവോ എന്ന സംശയം തുടക്കത്തില്‍ മാര്‍ക്‌സിനുണ്ടായിരുന്നു. സൈനികസേവനാര്‍ഥം ബര്‍ലിനിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവഹെഗേലിയന്‍ വിഭാഗവുമായി ഏംഗല്‍സ് പരിചയപ്പെടുന്നത്. പരിചയപ്പെട്ടതിനെ തുടര്‍ന്നാണ് ‘വിശുദ്ധകുടുംബം അഥവാ വിമര്‍ശനാത്മകമായ വിമര്‍ശനവാദത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം എന്ന പുസ്തകം ഇരുവരും ചേര്‍ന്ന് ആദ്യമായി എഴുതുന്നത്.

തത്വചിന്തയില്‍നിന്നും അര്‍ഥശാസ്ത്രം പഠിക്കാന്‍ മാര്‍ക്‌സ് തീരുമാനിക്കുന്നത് ഏംഗല്‍സിനെ പരിചയപ്പെതോടെയാണെന്ന് ലെനിനും പറയുന്നുണ്ട്.1845-47 കാലഘട്ടത്തില്‍ ഏംഗല്‍സ് ബ്രസല്‍സിലും പാരീസിലും താമസിച്ച് ശാസ്ത്രീയ പഠനപ്രവര്‍ത്തനത്തോടൊപ്പം ജര്‍മ്മന്‍ തൊഴിലാളികള്‍ക്കിടില്‍ പ്രായോഗിക പ്രവര്‍ത്തനവും നടത്തിവന്നു. ഇവിടെവെച്ചാണ് മാര്‍ക്‌സും ഏംഗല്‍സും രഹസ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജര്‍മ്മന്‍ കമ്യൂണിസ്റ്റ് ലീഗുമായി ബന്ധം സ്ഥാപിക്കുകയും തങ്ങള്‍ ആവിഷ്‌ക്കരിച്ച സോഷ്യലിസത്തിന്റെ പ്രധാന തത്വങ്ങള്‍ വിശദീകരിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നത്. അങ്ങനെയാണ് 1848ല്‍ വിശ്രുതമായ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ എന്ന വിഖ്യാത കൃതിയായി അത് പുറത്തുവരികയും ചെയ്യുന്നത്.

മാനിഫെസ്റ്റോ തയ്യാറാക്കുമ്പോള്‍ മാര്‍ക്‌സിന് മുപ്പതും ഏംഗല്‍സിന് 28ഉം വയസ്സുമായിരുന്നു പ്രായം. കമ്യൂണിസ്റ്റ് ആശയങ്ങളെ ക്രോഡീകരിച്ച് ഒരു ലഘുലേഖ തയാറാക്കാന്‍ ഇതിനിടെ മാര്‍ക്‌സ് ഏംഗല്‍സിനെ ചുമതലപ്പെടുത്തുന്നുണ്ട്. ചോദ്യോത്തര രൂപത്തില്‍ ഏംഗല്‍സ് തയാറാക്കിയ ഈ രേഖയെ കൂടി അടിസ്ഥാനമാക്കിയാണ് മാര്‍ക്‌സും ഏംഗല്‍സും മാനിഫെസ്റ്റോ തയാറാക്കിയത്.

‘ജീവശാസ്ത്രത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തം എതൊരു പങ്കാണോ നിര്‍വ്വഹിച്ചിട്ടുള്ളത് ആ പങ്ക് ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിറവേറ്റാന്‍ പരികല്പിതമാണ് ഈ പ്രമേയം’എന്ന് ഏംഗല്‍സ് ഇതിന്റെ ചരിത്രപ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.

”ഈ ചെറിയ പുസ്തകം ബൃഹദ്ഗ്രന്ഥങ്ങളേക്കാള്‍ വിലപ്പെട്ടതാണ്. ഇന്നുവരെ അതിന്റെ സ്പിരിറ്റ് പരിഷ്‌കൃത ലോകത്തില്‍ സംഘടിതരും പൊരുതുന്നവരുമായിട്ടുള്ള മുഴുവന്‍ തൊഴിലാളിവര്‍ഗത്തിനു പ്രചോദനവും മാര്‍ഗദര്‍ശനവും നല്‍കുന്നു” എന്നാണ് ലെനിന്‍ വിലയിരുത്തുന്നത്.

1848ലെ ഫ്രഞ്ച് വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടതിനുശേഷം മാര്‍ക്‌സിനെ നാടുകടത്തുകയും പ്രഷ്യന്‍പൗരത്വം റദ്ദ്‌ചെയ്യുകയും ചെയ്തു. ഏംഗല്‍സ് ആകട്ടെ ജനങ്ങളുടെ സായുധകലാപത്തില്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യത്തിനായുള്ള മൂന്നുപോരാട്ടങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയും കലാപകാരികളുടെ പരാജയത്തെത്തുടര്‍ന്ന് സ്വിറ്റ്‌സര്‍ലണ്ടുവഴി ലണ്ടനിലേക്ക് പലായനം ചെയ്യുകയും ചെയ്തു. 1870 വരെ മാര്‍ക്‌സ് ലണ്ടനിലും ഏംഗല്‍സ് മാഞ്ചസ്റ്ററിലും താമസമാക്കി. ഈ കാലത്ത് ഇവര്‍ നടത്തിയ കത്തിടപാടുകള്‍ മാര്‍ക്‌സിയന്‍ സാഹിത്യത്തിലെ അമൂല്യരേഖകളാണ്. തുടര്‍ന്നു പതിമൂന്നുവര്‍ഷക്കാലം, മാര്‍ക്‌സിന്റെ മരണംവരെ അവര്‍ തങ്ങളുടെ ഭൗതികവും സാംസ്‌കാരികവുമായ ജീവിതം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയി.

ഈ കാലയളവില്‍ മാര്‍ക്‌സിന്റെ മൂലധനമുള്‍പ്പെടെ നിരവധി കൃതികളും ഏംഗല്‍സിന്റെ സുപ്രധാനമായ രചനകളും പുറത്തുവരികയുണ്ടായി. 1864ല്‍ ഇന്റര്‍നാഷനല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ സ്ഥാപിക്കുകയും ഒരു ദശാബ്ദക്കാലം മുഴുവന്‍ ആ സംഘടനയെ നയിക്കുകയും ചെയ്തു.

ഇതില്‍ മൂലധനത്തിന്റെ രണ്ടുംമൂന്നും വാല്യങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന അത്യന്തം ശ്രമകരമായ പ്രവര്‍ത്തനമാണ് ഏംഗല്‍സിന് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നത്. മാര്‍ക്‌സിനുപോലും മാര്‍ക്‌സിന്റെ കയ്യെഴുത്തു രണ്ടാമതൊരുവട്ടം വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നു പറയാറുണ്ട്. എന്നിട്ടും രണ്ടും മൂന്നുംവാല്യങ്ങള്‍ ഏംഗല്‍സ് മുഴുവനായും പകര്‍ത്തിയെഴുതുകയായിരുന്നു.

‘മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഏംഗല്‍സ് തന്റെ സുഹൃത്തായിരുന്ന മഹാപുരുഷന് ഗംഭീരമായ ഒരു സ്മാരകം ഉയര്‍ത്തുകയാണ് ചെയ്തതെന്നും ആ സ്മാരകത്തില്‍ അദ്ദേഹം സ്വയമറിയാതെ തന്റെ പേര് മായാത്തവിധം കൊത്തിവെച്ചിട്ടുണ്ടെന്നും ആസ്ത്രിയന്‍ സോഷ്യല്‍ ഡെമോക്രാറ്റായ ആഡ്‌ലര്‍ പറഞ്ഞത് തികച്ചും ശരിയാണ്.

മാര്‍ക്‌സ് കഴിഞ്ഞിട്ടാണ് തന്റെ സ്ഥാനമെന്ന് ഏംഗല്‍സ് എല്ലായ്‌പ്പോഴും കരുതിപ്പോന്നു. മൊത്തത്തില്‍ അത് തികച്ചും ന്യായവുമായിരുന്നു. മാര്‍ക്‌സ് ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ഒരു പിന്‍പാട്ടുകാരനായിരുന്നു. എന്ന് ഏംഗല്‍സ് ബെക്കറിനയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

”ഞങ്ങളുടെ സിദ്ധാന്തം ഒരു മാമൂല്‍ പ്രമാണമല്ല, പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണ്.” എന്ന് മാര്‍ക്‌സും ഏംഗല്‍സും എപ്പോഴും പറയുന്നുണ്ട്. ഏംഗല്‍സ് സോര്‍ഗേക്കെഴുതിയ കത്തിലാണ് ഇത് പറയുന്നത്.

മാര്‍ക്‌സിസം മാര്‍ക്‌സിന്റെ പേരില്‍ മാത്രമാണ് അറിയപ്പെടുന്നതെങ്കിലും ഏംഗല്‍സിന് അതിലുള്ള പങ്ക് അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പഠനങ്ങളാണ് ലോകത്തെമ്പാടും നടക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ മാര്‍ക്‌സിന്റെ സഹായിയായിരിക്കുന്നതില്‍ മാത്രമായിരുന്നു ഏംഗല്‍സിന് താല്‍പര്യം. അത് അദ്ദേഹത്തിന്റെ മഹത്വമായി കണ്ടാല്‍ മതി. മാര്‍ക്‌സിയന്‍ സാഹിത്യം സസൂക്ഷ്മം പിന്തുടരുന്നൊരാള്‍ക്ക് ഏംഗല്‍സിന്റെ പങ്ക് അവഗണിക്കാന്‍ കഴിയാത്തതാണെന്നു വ്യക്തമാവും.

പൊതുവില്‍ മാര്‍ക്‌സിസം മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റെയും അതിനുമുമ്പുള്ള നിരവധി ചിന്തകരുടേയും ചരിത്രവസ്തുതകളുടേയും തുടര്‍ച്ചമാത്രമാണെന്നിരിക്കെ എന്തുകൊണ്ട് അത് മാര്‍ക്‌സിന്റെ പേരില്‍ അറിയപ്പെടുന്നു എന്ന് ഏംഗല്‍സ് ഏറ്റവും ഉജ്ജ്വലമായി അവതരിപ്പിക്കുന്നുണ്ട്:

‘പ്രാചീനമായ പൊതു ഉടമസ്ഥതയുടെ നാശത്തിനു ശേഷമുള്ള ചരിത്രമാകെ സാമൂഹ്യ വികാസത്തിന്റെ വിവിധ ദശകളില്‍ നടന്നിട്ടുള്ള വര്‍ഗസമരങ്ങളുടെ ചരിത്രമാണ്. ചൂഷകരും ചൂഷിതരും മേലാളരും കീഴാളരുമായവര്‍ഗ്ഗങ്ങള്‍ തമ്മില്‍ നടന്നിട്ടുള്ള സമരങ്ങളുടെ ചരിത്രമാണ്. എന്നാല്‍ ചൂഷിതരും മര്‍ദ്ദിതരുമായ വര്‍ഗ്ഗത്തിന് (തൊഴിലാളിവര്‍ഗ്ഗത്തിന്) ചൂഷണത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും വര്‍ഗ്ഗ സമരത്തില്‍ നിന്നും സമൂഹത്തെയാകെ എന്നെന്നേക്കുമായി മോചിപ്പിക്കാതെ ചൂഷകരില്‍ നിന്നും മോചനം നേടാന്‍ കഴിയില്ല എന്നൊരു ഘട്ടത്തില്‍ ഇന്ന് ആ വര്‍ഗ്ഗസമരം എത്തിച്ചേര്‍ന്നിരിക്കുന്നു- മാനിഫെസ്റ്റോയിലുടനീളം പ്രസരിച്ചിട്ടുള്ള ഈ മൗലിക ചിന്താഗതി മാര്‍ക്‌സിന്റേതുമാത്രമാണ്. മറ്റാരുടെയുമല്ല.

‘ഞാന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ് എങ്കിലും അതിന് ഇവിടെ മുഖവുരയില്‍ തന്നെ സ്ഥാനം ഉണ്ടാകണമെന്ന് ഇന്ന് ഒരു ആവശ്യമാണ്.’
മാര്‍ക്‌സിന്റെ മരണശേഷമിറങ്ങിയ 1883ലെ ജര്‍മ്മന്‍ പതിപ്പിനുള്ള മുഖവുരയില്‍, യുക്തിയുടെ തീപ്പന്തമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രതിഭയായിരുന്ന ഏംഗല്‍സ്, അസാമാന്യ പ്രതിഭാശാലിയായ തന്റെ പ്രിയപ്പെട്ട മൂറിനെ (മാര്‍ക്‌സിനെ ഏറ്റവുമടുപ്പമുള്ളവര്‍ വിളിക്കുന്നത് അങ്ങനെയാണ്.) ആദരിക്കുന്നത് ഇങ്ങനെയാണ്.

ഏംഗല്‍സ് തന്റെ പിതാവിന് പങ്കാളിത്തമുള്ള എര്‍മന്‍ ആന്‍ഡ് ഏംഗല്‍സില്‍ വീണ്ടും ജോലി സ്വകരിക്കുന്നത് മാര്‍ക്‌സിന്റെ രാഷ്ട്രീയ സൈദ്ധാന്തിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനായിരുന്നു. മാര്‍ക്‌സിനോടുള്ള വ്യക്തിപരവും രാഷ്ട്രീയപരവുമായ ആദരവാകാം ഇത്തരത്തിലൊരു ത്യാഗത്തിന് സന്നദ്ധനാക്കിയത്. തനിക്ക് മാനസികമായി ഒട്ടും യോജിപ്പില്ലാത്ത ഒരു ജോലിയില്‍ത്തുടര്‍ന്നുകൊണ്ട് മാര്‍ക്‌സിനേയും കുടുംബത്തേയും അദ്ദേഹം പോറ്റുകയായിരുന്നു. മൂലധനത്തിന്റെ ഒന്നാമത്തെ വോള്യത്തില്‍ ഇത് സംബന്ധിച്ച് മാര്‍ക്‌സ് എഴുതിയ കുറിപ്പുണ്ട്. അതെഴുതുന്നതാകട്ടെ രാത്രി രണ്ടുമണിക്കും.

1867 ആഗസ്റ്റ് 16 രാത്രി 2 മണി
പ്രിയപ്പെട്ട സ്‌നേഹിതാ,
പുസ്തകത്തിന്റെ അവസാനത്തെ ഷീറ്റ് (49) ഇതാ തിരുത്തിക്കഴിഞ്ഞു. അനുബന്ധം ചെറിയ അക്ഷരത്തില്‍ ഒന്നേകാല്‍ ഷീറ്റ് വരും.
മുഖവുര തിരുത്തി ഇന്നലെ അയച്ചു. അങ്ങിനെ ഈ വാല്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. താങ്കളുടെ സഹായസഹകരണങ്ങള്‍കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. എനിക്കുവേണ്ടി താങ്കള്‍ ചെയ്ത ആത്മത്യാഗം കൂടാതെ, ഈ മൂന്നു വാല്യങ്ങളുടെ ഭഗീരഥപ്രയത്‌നം എനിക്ക്, ഒരുപക്ഷെ, ഒരിക്കലും ചെയ്തുതീര്‍ക്കാന്‍ കഴിയുമായിരുന്നില്ല. കൃതജ്ഞതാപൂര്‍ണമായി ഞാന്‍ താങ്കളെ ആലിംഗനം ചെയ്യുന്നു.

തിരുത്തിയ പ്രൂഫിന്റെ രണ്ടു ഷീറ്റ് ഇതൊന്നിച്ച് അയക്കുന്നുണ്ട്. അയച്ച 15 പവന്‍ ഏറ്റവും നന്ദിപൂര്‍വം കൈപ്പറ്റി. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ, അഭിവാദനങ്ങള്‍.
താങ്കളുടെ കെ. മാര്‍ക്‌സ്.

1895 ആഗസ്ത് 5ന് ആ മഹത്തായ ജീവിതം അവസാനിച്ചു. തൊണ്ടയിലെ അര്‍ബുദം കാരണം മരണത്തിന് കീഴടങ്ങുമ്പോള്‍ 75 വയസ്സായിരുന്നു. മരണാനന്തരം തന്റെ സ്വത്തുക്കള്‍ക്ക് അവകാശികളാക്കിയത്, മാര്‍ക്‌സിന്റെ മകള്‍ ലാറയേയും എലിയനോറിനേയുമായിരുന്നു. മാര്‍ക്‌സിന്റെ മരണശേഷവും ഏംഗല്‍സ് സാമ്പത്തികസഹായംതുടരുകയുണ്ടായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cal Marks Engels friendship