മാഞ്ചസ്റ്റര്‍: ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫലസ്തീന്‍ ആക്ഷനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായി പൊലീസ് തന്നെ സമീപിച്ചതായി മാഞ്ചസ്റ്റര്‍ നഗരത്തിലെ കഫെ ഉടമയുടെ വെളിപ്പെടുത്തല്‍. ഫലസ്തീന്‍ ആക്ഷനെതിരെ ചാരപ്പണി ചെയ്യാന്‍ വേണ്ടി ബ്രിട്ടിഷ് പോലീസ് തന്നെ സമീപിച്ചെന്ന് മാഞ്ചസ്റ്ററിലുള്ള കഫെ ഉടമയായ ഷാംസ് സാദിഖ് എന്നയാള്‍ വെളിപ്പെടുത്തിയതായി ദ ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പകരം പണം തരാമെന്നും താന്‍ ചെയ്ത ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കണ്ണടയ്ക്കാമെന്നും പൊലീസ് വാഗ്ദാനം ചെയ്‌തെന്നും ഷാംസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഷാംസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫലസ്തീന്‍ ആക്ഷനുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്.
അറസ്റ്റ് സമയത്ത് പൊലീസ് കണ്ടു കെട്ടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് ചാരപ്പണി ചെയ്യാനായി പൊലീസ് തന്നെ സമീപിച്ചതെന്ന് ഷാംസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒരു മിലിറ്ററി ബേസ് ക്യാമ്പില്‍ ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് സംഘടനയെ നിരോധിച്ചിരുന്നു. ഈ സംഘടനയെ പിന്തുണക്കുകയോ സംഘടനയില്‍ അംഗമാവുകയോ ചെയ്യുന്നത് 14 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായി മാറുകയും ചെയ്തിരുന്നു.
ഈ മാസം 15ന് പൊലീസ് സ്റ്റേഷനില്‍ പോയപ്പോഴായിരുന്നു തന്നെ ചാരപ്പണിക്ക് പ്രേരിപ്പിക്കാന്‍ പൊലീസ് സമീപിച്ചതെന്ന് ഷാംസ് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പകരമായി സാമ്പത്തിക സഹായം ചെയ്യാമെന്നും ചെറിയ കുറ്റങ്ങള്‍ക്ക് കണ്ണടയ്ക്കാമെന്നും പൊലീസ് വാഗ്ദാനം നല്‍കിയെന്നും ഇയാള്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്.
ചാരപ്പണി ചെയ്താല്‍ അമിത വേഗത്തിന് കേസെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ അത് തങ്ങള്‍ ശ്രദ്ദിക്കില്ല എന്ന് പൊലീസ് മറുപടി നല്‍കിയെന്നും സാദിഖ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കാളിയാവുന്ന വ്യക്തിയാണ് സാദിഖ്. പൊലീസിനോട് ചാരപ്പണിക്ക് തയ്യാറല്ല എന്നാണ് താന്‍ പ്രതികരിച്ചതെന്നും സാദിഖ് പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ സുരക്ഷ ഉറപ്പാക്കാനാണ് വിഷയം പൊതു മധ്യത്തില്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Cafe owner says UK police tried to recruit him to spy on Palestine Action