കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പുനപരിശോധന; ഛത്തീസ്ഗഡില്‍ മന്ത്രിസഭാ ഉപസമിതി
India
കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പുനപരിശോധന; ഛത്തീസ്ഗഡില്‍ മന്ത്രിസഭാ ഉപസമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 10:22 pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കെതിരായി നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പുനപരിശോധന ആവശ്യമാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

കീഴടങ്ങിയ മാവോയിസ്റ്റുകളുടെ നല്ലനടപ്പും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി അവര്‍ ന ല്‍കിയ സംഭാവനയും വിലയിരുത്തുന്ന മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയ്ക്ക് അനുസരിച്ചായിരിക്കും കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക.

ആയുധം താഴെ വെച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് പൊലീസ് ആസ്ഥാനത്ത് സമര്‍പ്പിക്കുന്നതിനായി ജില്ലാ തലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കും.

നിയമ വകുപ്പിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും മന്ത്രിസഭാ ഉപസമിതിക്ക് മുന്നില്‍ ഈ കേസുകളെത്തുക. കേന്ദ്ര നിയമങ്ങള്‍ പ്രകാരമുള്ള കേസാണെങ്കില്‍ കേന്ദ്രത്തിന്റെ ഉപദേശം തേടും.

സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ കോടതിയില്‍ നിന്നും കേസ് പിന്‍വലിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വഴി ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് ശുപാര്‍ശ അയയ്ക്കും.

ഇതിനുള്ള നിയമഭേദഗതികളും നടപ്പാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 116 വ്യവസ്ഥകളില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ഛത്തീസ്ഗഡ് ജന്‍ വിശ്വാസ് ബില്‍ 2025 കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

നക്‌സല്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി-2025 പ്രകാരമാണ് നിരവധി മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഡില്‍ കീഴടങ്ങിയത്. 2026 മേയ് മാസത്തോടെ സമ്പൂര്‍ണ മാവോയിസ്റ്റ് വിമുക്ത രാജ്യം എന്ന ലക്ഷ്യത്തിനായാണ് പദ്ധതി തയ്യാറാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു.

അതേസമയം, തിങ്കളാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം രാംദര്‍ ഛത്തീസ്ഗഡില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവായ രാംദര്‍ എന്ന സോമ രാജ്നന്ദ്ഗാവ് ജില്ലയില്‍ വെച്ച് കീഴടങ്ങിയത്. 61 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.

നവംബര്‍ ആദ്യവാരം രാംദറിന്റെ ടീമിലെ പ്രധാന അംഗമായിരുന്ന വനിതാ നേതാവ് കമല സോറി എന്ന തരുണ (30) ഛത്തീസ്ഗഡിലെ ഖൈരാഗഡില്‍ കീഴടങ്ങിയിരുന്നു.

ഇവര്‍ കൂടി കീഴടങ്ങിയതോടെ മാവോയിസ്റ്റ് നേതൃത്വത്തില്‍ ഇനി രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളും മൂന്ന് സി.സി.എം അംഗങ്ങളും മാത്രമാണ് സജീവമായി പ്രവര്‍ത്തന മേഖലയിലുള്ളത്. ഛത്തീസ്ഗഡില്‍ നിലവില്‍ നേതാക്കളാരും സജീവമല്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Cabinet sub-committee in Chhattisgarh to review withdrawal of case against surrendered Maoists