വിവാഹമോചനം എളുപ്പമാക്കും, ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശം; ഹിന്ദു വിവാഹനിയമ ഭേദഗതി ബില്ലിന് അംഗീകാരം
India
വിവാഹമോചനം എളുപ്പമാക്കും, ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശം; ഹിന്ദു വിവാഹനിയമ ഭേദഗതി ബില്ലിന് അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th March 2012, 10:26 am

ന്യൂദല്‍ഹി: ഹിന്ദുവിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യക്ക് അവകാശം നല്‍കുക, വിവാഹമോചനം എളുപ്പമാക്കുക, ദമ്പതികളുടെ കുഞ്ഞിന് നല്‍കുന്ന അതേ പരിഗണന തന്നെ ദത്തെടുത്ത കുട്ടികള്‍ക്കും നല്‍കുക എന്നിവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍.

വിവാഹനിയമ ഭേദഗതി ബില്‍ 2010 രണ്ടുവര്‍ഷം മുമ്പ് രാജ്യസഭയില്‍ കൊണ്ടുവന്നിരുന്നു. പിന്നീട് അത് പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഈ കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയത്.[]

രക്ഷിതാക്കള്‍ വിവാഹമോചനം നേടുകയാണെങ്കില്‍ ദമ്പതികള്‍ സ്വന്തം കുഞ്ഞിന് നല്‍കുന്ന അതേ അവകാശങ്ങള്‍ ദത്തെടുത്ത കുട്ടിക്കും നല്‍കേണ്ടതുണ്ടെന്ന് ഭേദഗതി ആവശ്യപ്പെടുന്നു. ഭര്‍ത്താവിന്റെ സ്വത്തില്‍ ഒരു വിഹിതം ഭാര്യക്ക് അവകാശപ്പെട്ടതാണെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, എത്രത്തോളം അവകാശമുണ്ടെന്ന കാര്യം ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് കോടതി നിശ്ചയിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും.

“തിരിച്ചെടുക്കാന്‍ കഴിയാത്തവിധം മുറിഞ്ഞുപോയ ബന്ധം” ദാമ്പത്യബന്ധം  നിയമപരമായി വേര്‍പെടുത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി ഉള്‍പ്പെടുത്തും.  ബന്ധം വേര്‍പെടുത്താന്‍ നിയമനടപടി മുന്നോട്ടുനീക്കുന്നതിനുള്ള സാവകാശകാലം കോടതി തീരുമാനിക്കും.

വിവാഹമോചനത്തിന് ഭര്‍ത്താവ് അപേക്ഷിച്ചാല്‍ ഭാര്യക്ക് എതിര്‍ക്കാം. എന്നാല്‍, ഭാര്യയാണ് കോടതിയെ സമീപിക്കുന്നതെങ്കില്‍ എതിര്‍ക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കില്ല. “തിരിച്ചെടുക്കാനാവാത്തവിധം മുറിഞ്ഞ ദാമ്പത്യം” വിവാഹമോചനത്തിനുള്ള കാരണങ്ങളിലൊന്നായി ഉള്‍പ്പെടുത്തിയ വ്യവസ്ഥയിലാണ് ഇക്കാര്യം പറയുന്നത്.

Malayalam news

Kerala news in English