ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: 2005 വരെ അനധികൃതമായി നികത്തിയ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളും (ഏകദേശം 50000 acres) ഒറ്റതവണ കൊണ്ട് കരഭൂമിയാക്കി നല്‍കാനും അതുവരെയുള്ള നിലം നികത്തല്‍ നിയമവിധേയമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഫെബ്രുവരി 8 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതുവരെ പുറത്തറിയിക്കാത്ത ഈ തീരുമാനം നടപ്പിലാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
വീട് വെക്കാനോ, പൊതു ആവശ്യത്തിനോ നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നീര്‍ത്തടം നികത്താനോ, അതിനു അനുമതി നല്‍കാനോ സര്‍ക്കാരിന് നിയമപ്രകാരം അധികാരമില്ല. അതിനാല്‍ത്തന്നെ ഈ മന്ത്രിസഭാ യോഗ തീരുമാനം നിയമവിരുദ്ധമാണ്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വരുന്നതിനു മുന്‍പും നീര്‍ത്തടം നികത്തുന്നത് നിയമവിരുദ്ധം ആയിരുന്നു. കേരളാ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് നിലംനികത്തല്‍ ആ സമയത്തുതന്നെ കുറ്റമാണ്. ഈ മന്ത്രിസഭാ തീരുമാനത്തോടെ അത്തരം കുറ്റങ്ങള്‍ ലീഗലൈസ് ചെയ്തു. ഇത് ഏകദേശം 50000 ഏക്കര്‍ നീര്‍ത്തടം നശിപ്പിക്കും. 2005 നു ശേഷം നികത്തിയവരും ഇപ്പോള്‍ നികത്തുന്നവരും ഇനി അവകാശപ്പെടുക തങ്ങള്‍ നേരത്തെ നികത്തി എന്നായിരിക്കും.
കൂടാതെ പട്ടയം നല്‍കിയ മുഴുവന്‍ ഭൂമിയും റവന്യൂ ഭൂമിയാക്കാനും ചന്ദനം ഒഴികെയുള്ള ഏതു മരവും മുറിക്കാനും അനുമതി നല്‍കി കൊണ്ടുള്ള തീരുമാനവുമുണ്ട്. ഇതോടെ ഇടുക്കിയിലെ അന്‍പതിനായിരത്തോളം മരങ്ങള്‍ നഷ്ടമായേക്കും. വയനാട്ടിലും മരംമുറി വ്യാപകമാവും. ഇത് ഇടുക്കിയുടെയും വയനാടിന്റെയും കാലാവസ്ഥയെ തന്നെ മാറ്റി മറിക്കും. മാത്രമല്ല, വില്പ്പനാവകാശം നല്‍കുന്നതോടെ വീട് വെയ്ക്കാന്‍ / കൃഷി ചെയ്യാന്‍ കര്‍ഷകന് ലഭിച്ച പട്ടയഭൂമി ക്രമേണ റിസോര്‍ട്ട് ഭൂമാഫിയയുടെ കയ്യിലെത്തും.

