ബി.ജെ.പിയുടെ വര്‍ഗീയ എഞ്ചിനിയറിങ് കേരളത്തില്‍ നടക്കില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ എം.വി. ഗോവിന്ദന്‍
Kerala News
ബി.ജെ.പിയുടെ വര്‍ഗീയ എഞ്ചിനിയറിങ് കേരളത്തില്‍ നടക്കില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th March 2023, 11:24 am

തിരുവനന്തപുരം: റബര്‍ വില മുന്നൂറ് രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാജ്യത്തുടനീളം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും സഹകരിക്കാനുള്ള ആര്‍ച്ച് ബിഷപ്പിന്റെ തീരുമാനം സമുദായത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടത്തില്‍ ഏത് തന്ത്രം പയറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. റബര്‍ വില മാത്രമല്ലല്ലോ ഇവിടുത്തെ പ്രശ്‌നം. കേന്ദ്ര ഗവണ്‍മെന്റുമായുള്ള പ്രശ്‌നങ്ങളല്ലേ അവര്‍ അവതരിപ്പിച്ചത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയ എഞ്ചിനിയറിങ്ങൊന്നും കേരളത്തില്‍ ഫലപ്രദമാകാന്‍ പോണില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ഓളം ക്രിസ്ത്യന്‍ സംഘടനകള്‍ ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കാനായി ജന്തര്‍ മന്ദറില്‍ സമരം ചെയ്തത്.

അതില്‍ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതരടക്കം ഒപ്പിട്ട് മെമ്മോറണ്ടം സമര്‍പ്പിച്ചതല്ലേ. ഇക്കാലയളവില്‍ ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള 598 ആക്രമണങ്ങളെക്കുറിച്ചാണ് ആ കത്തില്‍ പറഞ്ഞിട്ടുള്ളത്. അതൊക്കെ മറച്ചുവെച്ച് കൊണ്ട് ബി.ജെ.പിയുമായി സഹകരിക്കാനുള്ള ശ്രമമൊന്നും കേരളത്തില്‍ വിലപ്പോവില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെയും മുസ്‌ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും എല്ലാം ഒപ്പം നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മലയോര കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് റബറിന്റെ വില 300 രൂപയാക്കിയാല്‍ അടുത്ത തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കേരളത്തില്‍ ഒരു എം.പി പോലുമില്ലാത്ത ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ വിഷയത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

Content Highlight: C.P.I.M. leader m.v govindan react to arch bishop