മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എല്‍.ഡി.എഫിനു വന്‍മുന്നേറ്റം. മൂന്ന് മുനിസിപ്പാലിറ്റികള്‍ പിടിച്ചെടുത്ത എല്‍.ഡി.എഫിന് ലീഗ് കോട്ടകള്‍ പലതും തകര്‍ക്കാനും സാധിച്ചു.
പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ എന്നീ മുനിസിപ്പിലാറ്റികളില്‍ എല്‍.ഡി.എഫ് ഭരണം ഉറപ്പാക്കി. ഇതില്‍ പെരിന്തല്‍മണ്ണയിലും പൊന്നാനിയിലും ശക്തമായ മുന്നേറ്റമാണ് ഇടതുപക്ഷം കാഴ്ചവെച്ചത്.
പെരിന്തല്‍മണ്ണയില്‍ 21 ഡിവിഷനുകളില്‍ വിജയിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് മുനിസിപ്പാലിറ്റി ഭരണം ഉറപ്പാക്കിയത്. 12 സീറ്റുകള്‍ നേടാനേ യു.ഡി.എഫിനു കഴിഞ്ഞുള്ളൂ. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഇവിടെ ഇരു മുന്നണികളും 17 ഡിവിഷനുകള്‍ വീതമാണ് നേടിയത്.
പൊന്നാനിയില്‍ 29 ഡിവിഷനുകളില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പാക്കിയത്. 2010ല്‍ 25 ഡിവിഷനുകള്‍ നേടിയ യു.ഡി.എഫ് ഇത്തവണ 16 ഡിവിഷനുകളിലാണ് യു.ഡി.എഫ് വിജയിച്ചത്.
തിരൂരില്‍ ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒരു ഡിവിഷന്‍ അധികം നേടിയ (19) എല്‍.ഡി.എഫ് മുനിസിപ്പാലിറ്റി ഭരണം തിരിച്ചുപിടിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ തിരൂരിലേത് വന്‍ നേട്ടമാണ്. ഏഴു ഡിവിഷനുകളില്‍ മാത്രമാണ് 2010ല്‍ എല്‍.ഡി.എഫ് ഇവിടെ വിജയിച്ചത്.
കൂടാതെ കഴിഞ്ഞവര്‍ഷം പത്തില്‍ താഴെ ഡിവിഷനുകളില്‍ മാത്രം എല്‍.ഡി.എഫ് വിജയിച്ച മലപ്പുറം, മഞ്ചേരി, മുനിസിപ്പാലിറ്റികളില്‍ വന്‍മുന്നേറ്റം കാഴ്ചവെക്കാനും എല്‍.ഡി.എഫിനു സാധിച്ചു. മലപ്പുറത്ത് 12, മഞ്ചേരിയില്‍ 11ഉം ഡിവിഷനുകള്‍ നേടാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പഞ്ചായത്തുകളില്‍ വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാനായത്. അതും ചെറിയ മാര്‍ജിനില്‍. എന്നാല്‍ ഇത്തവണ 30ഓളം പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് വിജയിക്കുകയോ മുന്നിട്ടുനില്‍ക്കുകയോ ചെയ്യുന്നത്.
യു.ഡി.എഫിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിം ലീഗും പലയിടങ്ങളിലും നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങിയത് എല്‍.ഡി.എഫിനു ഗുണകരമായിട്ടുണ്ട്. 17ഓളം ഗ്രാമപഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നു.
ചില മേഖലകളില്‍ ലീഗിനെ തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ച് നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു.
