സി.ജെ. റോയ്‌യുടെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്, വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം
Kerala
സി.ജെ. റോയ്‌യുടെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്, വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം
രാഗേന്ദു. പി.ആര്‍
Monday, 2nd February 2026, 11:39 am

തിരുവനന്തപുരം: വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയ്‌യുടെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ച ഒരാളെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്നും കത്തില്‍ പറയുന്നു.

റെയ്ഡ് നടക്കുമ്പോള്‍ രണ്ട് സാക്ഷികള്‍ വേണമെന്ന പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് റെയ്ഡ് നടന്നിരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോയ് യുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റോയ്‌യുടെ ഡയറി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ചില വിദേശ വ്യവസായങ്ങളില്‍ നഷ്ടമുണ്ടായതായി ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിവരം. പണം നല്‍കാനുള്ള ആളുകളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ഈ ഡയറിയില്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൈബി ഈഡന്‍

ഇതിനിടെ റോയ്‌യുടെ  മരണം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഇന്നലെ (ഞായര്‍) റോയ്‌യുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. ബെംഗളുരുവിലാണ് സംസ്‌കാരം നടന്നത്. വെള്ളിയാഴ്ച ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ് മുറിയില്‍ വെടിയേറ്റ് മരിച്ചനിലയിലാണ് സി.ജെ. റോയ്‌യെ കണ്ടെത്തിയത്.

Content Highlight: C.J. Roy’s suicide; Chief Minister’s letter to the Center demanding a judicial inquiry

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.