സി.ബി.ഐയുടെ രൂപീകരണം അസാധു: ഗുവാഹത്തി ഹൈക്കോടതി
India
സി.ബി.ഐയുടെ രൂപീകരണം അസാധു: ഗുവാഹത്തി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2013, 10:29 am

[]ഗുഹാഹത്തി: രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപീകരണത്തെ തന്നെ ചോദ്യം ചെയ്ത് ഗുവാഹത്തി ഹൈക്കോടതി.

സി.ബി.ഐയെ പൊലീസ് സേനയായി കരുതാനാവില്ലെന്നാണ് കോടതിയുടെ സുപ്രധാനമായ വിധി.

സുപ്രീം കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുന്നത് വരെ സി.ബി.ഐയ്ക്ക് നിലനില്‍പ്പില്ലാത്ത അവസ്ഥയാണിപ്പോള്‍.

ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണ്.

1963 ഏപ്രില്‍ ഒന്നിന് അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന കെ. ബി. വിശ്വനാഥ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് സി.ബി.ഐ നിലവില്‍ വന്നത്. ദല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ബി.ഐ പ്രവര്‍ത്തിക്കുക എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

ഈ ഉത്തരവും ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

2011-ല്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന നവനീതകുമാര്‍ നല്‍കിയ ഹരജിയിലാണ് ഈ കോടതി വിധിയുണ്ടായിരിക്കുന്നത്.

നേരത്തെ കൈക്കൂലിക്കേസില്‍ നവനീതകുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ അദ്ദേഹം നല്‍കിയ ഹരജികള്‍ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

തുടര്‍ന്നാണ് സി.ബി.ഐയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്ത് നരേന്ദ്രകുമാര്‍ കോടതിയിലെത്തിയത്.

സുപ്രധാനമായ കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മല്‍ഹോത്രയാണ് ഹാജരായത്.

സി.ബി.ഐയുടെ അധികാരത്തെയും നിലനില്‍പിനെയും തന്നെ ചോദ്യം ചെയ്യുന്ന ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധിയില്‍ അദ്ദേഹം നടുക്കം പ്രകടിപ്പിച്ചു.

ദീപാവലി കാരണം ഇപ്പോള്‍ സുപ്രീം കോടതി അവധിയിലാണ്. അടുത്ത പ്രവൃത്തിദിനമായ തിങ്കളാഴ്ച പരമോന്നത കോടതിയെ സമീപിക്കാനാണ് നീക്കം നടക്കുന്നത്.