ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് എഫ്.സി ബാഴ്‌സലോണ. എസ്റ്റാഡിയോ ഡെ ലാ കാര്‍തൂജയില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ റയല്‍ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് കീഴടക്കിയാണ് ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

മത്സരത്തിന്റെ പത്താം മിനിട്ടില്‍ സൂപ്പര്‍ താരം ലാമിന്‍ യമാലിലൂടെ ലീഡ് നേടിയ ബാഴ്‌സലോണയ്ക്കായി റോഡ്രി (41), ഗബ്രിയേല്‍ ജീസസ്, (51), എറിക് ഗാര്‍സിയ (62), ഡാനി ഓല്‍മോ (81) എന്നിവരും എതിരാളികളുടെ ഗോള്‍വല കുലുക്കി.

വാലന്റൈന്‍ ഗോമസും (27) ആബ്ദെ എസ്സല്‍സൗലിയും (53) ആണ് ബെറ്റിസിനായി സ്‌കോര്‍ ചെയ്ത താരങ്ങള്‍.

ഈ വിജയത്തോടെ കളിച്ച ഒമ്പത് മത്സരത്തില്‍ ഒമ്പതിലും വിജയിച്ച് 27 പോയിന്റുമായി ഹാന്‍സി ഫ്‌ളിക്കിന്റെ കുട്ടികള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള അത്‌ലെറ്റിക്കോ മാഡ്രിഡിനേക്കാള്‍ അഞ്ച് പോയിന്റ് ലീഡ് നിലവില്‍ കറ്റാലന്‍മാര്‍ക്കുണ്ട്. ഒമ്പത് മത്സരത്തില്‍ നിന്നും 39 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് ഒമ്പതെണ്ണം മാത്രം.

ചിരവൈരികളായ റയല്‍ മാഡ്രിഡ് എട്ട് മത്സരത്തില്‍ നിന്നും 18 പോയിന്റുമായി റയല്‍ ബെറ്റിസിന് കീഴില്‍ നാലാമതാണ്.

അതേസമയം, റയല്‍ ബെറ്റിസിനെതിരായ വിജയത്തോടെ റയല്‍ മാഡ്രിഡിന്റെ ഒരു ചരിത്രനേട്ടത്തിനൊപ്പമെത്താനും ബാഴ്‌സയ്ക്ക് സാധിച്ചു. ഒരു സീസണിലെ ആദ്യ ഒമ്പത് ലാ ലിഗ മത്സരത്തില്‍ വിജയമെന്ന ലോസ് ബ്ലാങ്കോസിന്റെ നേട്ടത്തിലേക്കാണ് ഹാന്‍സി ഫ്‌ളിക് ബാഴ്‌സയെ കൈപിടിച്ചുനടത്തിയത്.

1968-69 സീസണിലാണ് റയല്‍ ആദ്യ ഒമ്പത് മത്സരത്തിലും വിജയം സ്വന്തമാക്കിയത്.

അടുത്ത ആഴ്ച നടക്കുന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്താനായാല്‍, റയലിന്റെ റെക്കോഡ് മറികടന്ന് ചരിത്രമെഴുതാനും ബാഴ്‌സയ്ക്ക് സാധിക്കും.

ഈ സീസണിന് മുമ്പ് ലാ ലിഗയില്‍ ബാഴ്‌സയുടെ ഏറ്റവും മികച്ച വിജയത്തുടക്കം 2013-14 സീസണിലായിരുന്നു. അന്ന് കറ്റാലന്‍മാര്‍ ആദ്യ എട്ട് മത്സരങ്ങളില്‍ വിജയിക്കുകയും ഒസാസുനയോട് സമനിലയില്‍ പിരിയുകയുമായിരുന്നു.

അതേസമയം, എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് റയലിന് മറ്റൊരു മത്സരം കളിക്കാനുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള സെവിയ്യയാണ് എതിരാളികള്‍.

264 തവണയാണ് എല്‍ ക്ലാസിക്കോയില്‍ റയലും ബാഴ്‌സയും നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഇരു ടീമുകളും 106 മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്.

 

Content Highlight: By winning their first nine matches in La Liga, Barcelona have equaled the record set by Real Madrid.