ബീഹാറിലും ബുള്‍ഡോസര്‍ രാജ്; തന്റെ കാവി ഷോള്‍ നായയെ അണിയിച്ച് വീട് നഷ്ടപ്പെട്ട മോദി ആരാധകന്റെ പ്രതിഷേധം
India
ബീഹാറിലും ബുള്‍ഡോസര്‍ രാജ്; തന്റെ കാവി ഷോള്‍ നായയെ അണിയിച്ച് വീട് നഷ്ടപ്പെട്ട മോദി ആരാധകന്റെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 2:28 pm

പാട്‌ന: ബീഹാറിലെ ബെഗുസരായില്‍ ബുള്‍ഡോസ് രാജിനെതിരെ ബി.ജെ.പി അനുകൂലിയുടെ പ്രതിഷേധം. തന്റെ വീടും ചായക്കടയും തകര്‍ത്തതിനെ തുടര്‍ന്ന് കുന്ദന്‍ മഹാതോ എന്നയാളാണ് പ്രതിഷേധവുമായി എത്തിയത്. മുടിമുറിച്ചും തന്റെ കാവി ഷോള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയുടെ കഴുത്തില്‍ അണിയിച്ചുമാണ് മഹാതോ പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഏതാനും ഗ്രാമവാസികളും രംഗത്തുണ്ട്. നിലവില്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍, താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെയും ആരാധകനാണെന്ന് യുവാവ് പറയുന്നതായി കേള്‍ക്കാം.


‘ഗിരിരാജ് സിങ്ങിന്റെ ആരാധകനാണ് ഞാന്‍. അദ്ദേഹത്തോടുള്ള ആദരസൂചകമായും അദ്ദേഹത്തെ അനുകരിച്ചും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കഴുത്തില്‍ എപ്പോഴും കാവി ഷോള്‍ അണിയാറുണ്ട്. മോദിയുടെയും നിതീഷ് കുമാറിന്റെയും ആരാധകന്‍ കൂടിയായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ എന്റെ വീടിന് മുകളിലൂടെ ബുള്‍ഡോസര്‍ കടന്നുപോയി. എന്റെ അഭിമാനമായിരുന്നു എന്റെ വീട്. അത് ഇല്ലെങ്കില്‍ പിന്നെ എനിക്ക് ഈ മുടിയും കാവി ഷോളും വേണ്ട,’ കുന്ദന്‍ മഹാതോ പറഞ്ഞു.

തന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായതെന്നും കുന്ദന്‍ മഹാതോ പറയുന്നുണ്ട്. നിലവില്‍ തുറന്ന ആകാശത്തിന് കീഴില്‍ ജീവിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും യുവാവ് പറഞ്ഞു.

2025 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം ഭരണത്തിലേറിയതിന് പിന്നാലെയാണ് ബീഹാറില്‍ ബുള്‍ഡോസര്‍ നടപടികള്‍ ആരംഭിച്ചത്. നേരത്തെ ഉത്തര്‍പ്രദേശ്, അസം, രാജസ്ഥാന്‍ തുടങ്ങി ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടന്നിരുന്ന ബുള്‍ഡോസര്‍ നടപടി ഇപ്പോഴും തുടരുന്നുണ്ട്.

നിലവില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സാമ്രാട്ട് ചൗധരി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പൊളിക്കല്‍ നടപടികള്‍. ഈ ഉത്തരവ് അനുസരിച്ചാണ് കുന്ദന്‍ മഹാതോയുടെ വീട് തകര്‍ത്തത്.

Content Hihlight: Bulldozer action in Bihar too; Protest by Modi fan who lost his house after dressing his dog in saffron shawl