തിയേറ്ററിലടി ഉണ്ടായത് ഇങ്ങനെ; തല്ലുമാല ബി.ടി.എസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Film News
തിയേറ്ററിലടി ഉണ്ടായത് ഇങ്ങനെ; തല്ലുമാല ബി.ടി.എസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 4:21 pm

മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് തല്ലുമാല. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍ അവറാന്‍, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍ എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രം പേര് പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്.

നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറഞ്ഞ സിനിമ പുതിയൊരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത്.

സെവന്‍സിനടി, പൂരത്തിനടി, ഉത്സവത്തിനടി, പെരുന്നാളിനടി, ഗാനമേളക്കടി, തിയേറ്ററിലടി എന്നിങ്ങനെ പല വിധ അടികളാണ് ചിത്രത്തിലുള്ളത്. ഇതില്‍ തിയേറ്ററിലടിയുടെ ബി.ടി.എസ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടൊവിനോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി തല്ലുമ്പോള്‍ ക്യാമറ ഒരു ഫാന്‍ പോലെ കറങ്ങിയാണ് ദൃശ്യങ്ങളെല്ലാം ഒപ്പിയെടുക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം ടൊവിനോ തോമസിന്റെ മാസ് മസാല എന്റര്‍ടെയ്‌നര്‍ ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ ടൊവിനോയും എത്തിയിരുന്നു.

എറണാകുളം സരിത, സവിത, സംഗീത കോംപ്ലെക്‌സിലാണ് ടൊവിനോ എത്തിയത്. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്തുക്കളായ മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ, നിര്‍മാതാവ് ആഷിക് ഉസ്മാന്‍ തുടങ്ങിയവരും തിയറ്ററില്‍ എത്തിയിരുന്നു.

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഒരു കോടി നേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്ന നിലയിലും തല്ലുമാല വന്‍ഹൈപ്പുയര്‍ത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു.

Content Highlight: bts video of theatre fight from thallumaala became viral in social media