ബേസിലിന്റെ വാ അടിച്ചുപൊട്ടിച്ച് ദര്‍ശന; സൂപ്പര്‍ കിക്കിന്റെ ബി.ടി.എസ് വീഡിയോ പുറത്ത്
Film News
ബേസിലിന്റെ വാ അടിച്ചുപൊട്ടിച്ച് ദര്‍ശന; സൂപ്പര്‍ കിക്കിന്റെ ബി.ടി.എസ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th November 2022, 4:31 pm

അടുത്തിടെ തിയേറ്ററുകളില്‍ കുടുംബപ്രേക്ഷകരുള്‍പ്പെടെ ആളെ നിറച്ച സിനിമയാണ് ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം വീടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അക്രമങ്ങളും വിവേചനങ്ങളും തുറന്ന് കാട്ടി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ജയയെ ഇഷ്ടപ്പെട്ടു.

സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റിലൊന്നായിരുന്നു ജയയും രാജേഷും തമ്മിലുള്ള ഫൈറ്റ്. ഭര്‍ത്താവിന്റെ അടി സഹിച്ച് സഹിച്ച് ഒടുവില്‍ ജയ നല്‍കുന്ന കനത്ത തിരിച്ചടിയാണ് ഈ രംഗത്തിലുണ്ടായിരുന്നത്. ഈ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. തായ്‌ക്കോണ്ടോ പരിശീലിക്കുന്ന ദര്‍ശനയേയും രാജേഷിനേയും വീഡിയോയില്‍ കാണാം.

ഇടക്ക് ദര്‍ശനയുടെ ഇടികൊണ്ട് വാ പൊട്ടിയിരിക്കുന്ന ബേസിലിനെയും വീഡിയോയില്‍ കാണാം. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചെറിയ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടിയത്.

കഴിഞ്ഞ വാരം ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 40 കോടിയായിരുന്നു. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‌ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ജയ ജയ ജയ ജയ ഹേയുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം. നിര്‍മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: bts video of fight scene from jaya jaya jaya jaya hey