ബി.എസ്.പി അച്ചടക്കമുള്ള പാര്‍ട്ടിയാണ്; അക്രമാസാക്തമായ പ്രക്ഷോഭങ്ങളില്‍ വിശ്വാസമില്ല; സി.എ.എയ്ക്കെതിരായ യോഗം ബഹിഷ്‌കരിച്ചതില്‍ പ്രതികരണവുമായി മായാവതി
national news
ബി.എസ്.പി അച്ചടക്കമുള്ള പാര്‍ട്ടിയാണ്; അക്രമാസാക്തമായ പ്രക്ഷോഭങ്ങളില്‍ വിശ്വാസമില്ല; സി.എ.എയ്ക്കെതിരായ യോഗം ബഹിഷ്‌കരിച്ചതില്‍ പ്രതികരണവുമായി മായാവതി
ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2020, 1:03 pm

ലഖ്‌നൗ: ബി.എസ്.പി ഒരു കേഡര്‍ പാര്‍ട്ടിയാണെന്നും അക്രമാസക്തമായ പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്നും മായാവതി. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അധ്യക്ഷ മായാവതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതരെ കോണ്‍ഗ്രസ് അധ്യക്ഷ സോണയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും പിന്മാറിയ ശേഷം ലഖ്‌നൗവില്‍ പ്രതികരിക്കുകയായിരുന്നു മായാവതി.

‘അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുന്നതില്‍ ബി.എസ്.പി വിശ്വസിക്കുന്നില്ല. ഇതൊരു അച്ചടക്കമുള്ള പാര്‍ട്ടിയാണ്. മാത്രമല്ല, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പ്രതിരോധിക്കാന്‍ ജനാധിപത്യപരമായ വഴികള്‍ സ്വീകരിക്കും’മായാവതി പറഞ്ഞു. 64ാം പിറന്നാളിന് ലഖ്‌നൗവില്‍ വെച്ച് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മായാവതി.

തിങ്കളാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമവും സാമ്പത്തിക മാന്ദ്യവുമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ കോണ്‍ഗ്രസ് രാജസ്ഥാനിലെ അവരുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നു എന്നു പറഞ്ഞ് ബി.എസ.പി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.എസ്.പി പാര്‍ട്ടി പങ്കെടുത്താല്‍ അത് രാജസ്ഥാനില്‍ അവരെ പിന്തുണയ്ക്കുന്നവരെ വേദനിപ്പിക്കുമെന്നും മായാവതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എതിര്‍ പാര്‍ട്ടികള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന കോണ്‍ഗ്രസ് വാദം തെറ്റാണെന്നും മായാവതി പറഞ്ഞു.

‘മറ്റു പ്രതിപക്ഷ പാര്‍ട്ടികളൊന്നും പൗരത്വ ഭേദഗതി നിയത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും ഒന്നും പ്രതികരിക്കുന്നില്ല എന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണ്. പാര്‍ലമെന്റില്‍ സി.എ.എയെ എതിര്‍ത്തയാളാണ് ഞാന്‍. ഇതിന് മുമ്പേ ബി.എസ്.പി ജി.എസ്.ടിക്കെതിരെയും പ്രതിഷേധിച്ചിരുന്നു. ഇവിഎമ്മിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രശ്‌നത്തിന്റെ തുടക്കത്തില്‍ മൗനത്തിലായിരുന്നു,’ മായാവതി പറഞ്ഞു.

സി.എ.എ ആളുകളെ തമ്മില്‍ വിഭജിക്കുന്ന തരത്തിലുള്ളതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ആളുകള്‍ക്കിടയില്‍ ഭയം ജനിപ്പിക്കുന്നതാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സി.എ.എയില്‍ നിന്നും പിന്മാറണമെന്നും അവര്‍ പറഞ്ഞു.

ബി.എസ്.പി ബില്ലിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും മായാവതി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പിയെയും അവര്‍ വിമര്‍ശിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.എസ്.പിയെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇരുപാര്‍ട്ടികളിലേക്കും തുല്യദൂരമാണെന്നും മായാവതി വിമര്‍ശിച്ചു.

സാമ്പത്തിക മാന്ദ്യമടക്കമുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം പൊതുജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.