സാംബയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ ബി.എസ്.എഫ് വധിച്ചു
national news
സാംബയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ ബി.എസ്.എഫ് വധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 3:16 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷ ഭീകരരെ ബി.എസ്.എഫ് വധിച്ചു. ഇന്നലെ രാത്രിയോടെ നടത്തിയ ഓപ്പറേഷനിലാണ് നിരോധിത ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ പ്രവര്‍ത്തകരെന്ന് കരുതുന്ന ഏഴ് പേരെ വധിച്ചതായി ബി.എസ്.എഫ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ശക്തമായ വെടിവെപ്പിനിടെ ബി.എസ്.എഫ് ഒരു പാകിസ്ഥന്‍ റേഞ്ചേഴ്‌സ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍വരുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.എസ്.എഫ് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ പല കേന്ദ്രങ്ങളും തകര്‍ത്തിരുന്നു. ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡര്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ രണ്ടാമത്തെ കമാന്‍ഡര്‍ മസൂദ് അസറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട റൗഫ് അസര്‍.

കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ് അസര്‍. ജെയ്ഷെ മുഹമ്മദിന്റെ തലവന്മാരിലൊരാളായ റൗഫ് അസറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ പാകിസ്ഥാന്‍ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന് കൂടുതല്‍ വായ്പ അനുവദിക്കണമെന്നാണ് പാക് പ്രതിരോധ മന്ത്രിയായ ഖ്വാജ് ആസിഫ് ആവശ്യപ്പെട്ടത്.

പാക് പ്രകോപനം ഇനിയും തുടരാന്‍ സാധ്യയുള്ളതിനാല്‍ രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ ജമ്മു കശ്മീലുണ്ടായ പാക് പ്രകോപനത്തില്‍ 50 ഓളം ഡ്രോണുകള്‍ എട്ടോളും മിസൈലുകളുമാണ് പാകിസ്ഥാന്‍ തൊടുത്ത് വിട്ടത്. എന്നാല്‍ ഇവയെല്ലാം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു.

സ്ഫോടനങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ സൈറണുകള്‍ മുഴങ്ങുകയും ജമ്മുവും കുപ് വാരും ബ്ലാക്ക് ഔട്ടിലാവുകയും ചെയ്തിരുന്നു. ജമ്മുവിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും ചണ്ഡീഗണ്ഡിലും ആക്രമണമുണ്ടായിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 27 വിമാനത്താവളങ്ങല്‍ അടച്ചിടാനും ഉത്തരവിട്ടിരുന്നു. 430 വിമാന സര്‍വീസുകളും റദ്ദാക്കി.

Content Highlight: BSF kills seven Jaish terrorists who tried to infiltrate into Samba