പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം, പ്രതിപക്ഷ നേതാവിന്റെ പക്വതയോടെയാണ് സിദ്ധരാമയ്യ പെരുമാറേണ്ടത്: ബി.എസ്. യെദിയൂരപ്പ
national news
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം, പ്രതിപക്ഷ നേതാവിന്റെ പക്വതയോടെയാണ് സിദ്ധരാമയ്യ പെരുമാറേണ്ടത്: ബി.എസ്. യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 7:22 pm

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യ വ്യാപകമായി കേന്ദ്ര അന്വേഷണ ഏജന്‍സി പി.എഫ്.ഐയെ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയിരുന്നു.

പാര്‍ട്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി എന്‍.ഐ.എ കണ്ടെത്തിയെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ നിരോധിക്കാന്‍ തന്നെയാണ് കേന്ദ്ര നീക്കമെന്നുമാണ് യെദിയൂരപ്പയുടെ പരാമര്‍ശം.

ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയെ നേരത്തെ തന്നെ നിരോധിക്കണമായിരുന്നുവെന്നും ഇപ്പോള്‍ അതിന് പറ്റിയ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറിലധികം പേരെയാണ് രാജ്യത്തുടനീളം നടത്തിയ റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ റെയ്ഡിനെതിരെ ഹര്‍ത്താലും ആചരിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞിരുന്നു.

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ കോണ്‍ഗ്രസ് പേ സി.എം ക്യാമ്പെയിന്‍ നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നു. എന്നാല്‍ അന്നൊന്നും പ്രതികരിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ബി.ജെ.പി നേതാക്കളെ വേട്ടയാടുകയാണെന്നും യെദിയൂരപ്പ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ പേ സി.എം ക്യാമ്പെയിനുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്തും സംസ്ഥാനത്ത് വലിയ അഴിമതികള്‍ നടന്നിരുന്നു. അന്നൊന്നും കോണ്‍ഗ്രസിനെ പ്രതികരിച്ച് കണ്ടില്ല. ഇന്ന് അതേ പാര്‍ട്ടി തന്നെ ബി.ജെ.പി നേതാക്കളെ വേട്ടയാടുകയാണ്. അങ്ങനെ അനീതിക്കെതിരെ പ്രതികരിക്കുന്നവരാണെങ്കില്‍ സിദ്ധരാമയ്യയുടെ കാലത്ത് നടന്ന അധ്യാപക നിയമന കുംഭകോണത്തിനെതിരെ കോണ്‍ഗ്രസ് പ്രതികരിക്കണം.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ആ സ്ഥാനത്തിന്റെ പക്വതക്കനുസരിച്ചാണ് അദ്ദേഹം പെരുമാറേണ്ടത്. അല്ലാതെ ഇത്തരം ക്യാമ്പെയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയല്ല വേണ്ടത്,’ യെദിയൂരപ്പ പറഞ്ഞു.

പേ സി.എം ക്യാമ്പെയിനിനെതിരെ കര്‍ണാടക സര്‍ക്കാര്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവര്‍ത്തികള്‍ നടക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് കരാറുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ‘പേ സി.എം’ ക്യാമ്പെയിന്‍ നടത്തിയത്.

ക്യാമ്പെയിനിന്റെ ഭാഗമായി ഇ വാലറ്റായ പേ ടി.എം മാതൃകയിലുളള പോസ്റ്ററാണ് കോണ്‍ഗ്രസ് സ്ഥാപിച്ചത്. ബി.ജെ.പിയുടെ നെലമംഗലം ഓഫീസിലും പ്രതിപക്ഷം പോസ്റ്റര്‍ പതിച്ചു.

ക്യൂ.ആര്‍ കോഡില്‍ ബസവരാജ് ബൊമ്മൈയുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റര്‍. ’40 ശതമാനം ഇവിടെ സ്വീകരിക്കുന്നു’ എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. പോസ്റ്ററിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ 40percentsarkara.com എന്ന വെബ്‌സൈറ്റിലേക്കെത്തും. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റാണിത്.

സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: BS Yediyurappa says that popular front must be banned and it is the right time to ban it