തര്‍ക്കം തീര്‍ക്കാന്‍ കര്‍ണാടകയിലാദ്യമായി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ബി.ജെ.പി
national news
തര്‍ക്കം തീര്‍ക്കാന്‍ കര്‍ണാടകയിലാദ്യമായി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Monday, 26th August 2019, 11:40 pm

ബംഗളൂരു: ബി.ജെ.പിയ്ക്കകത്തെ ഭിന്നത തീര്‍ക്കാന്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പയ്ക്ക് അതൃപ്തിയുണ്ടായിട്ടും പാര്‍ട്ടിയിലെ ഭിന്നത ഇല്ലാതാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. നേരത്തെ സത്യപ്രതിജ്ഞ ചെയ്ത 17 മന്ത്രിമാരുടെ വകുപ്പുകളും ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോവിന്ദ് കജ്‌റോള്‍, അശ്വത് നാരായണ്‍, ലക്ഷ്മണ്‍ സാവദി എന്നിവരെയാണ് വിവിധ വകുപ്പുകളോടെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. നിയമസഭയില്‍ പോണ്‍ കണ്ടതിന് രാജിവെച്ചൊഴിയേണ്ടി വന്ന മുന്‍ മന്ത്രിയാണ് ലക്ഷ്മണ്‍ സാവദി. സംസ്ഥാന അസംബ്ലിയിലോ കൗണ്‍സിലിലോ അംഗമല്ലാത്ത സാവദിയെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പിയ്ക്കകത്ത് പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റ ഉപമുഖ്യമന്ത്രിയെ പോലും നിര്‍ത്താന്‍ താത്പര്യമില്ലാതിരുന്ന യെദ്യൂരപ്പയെ കൊണ്ട് ഈ മൂന്നു പേരെ നിയമിച്ചത് എതിരാളിയും ഇപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായി ചുമതലയേറ്റ ബി.എല്‍ സന്തോഷിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.

ഉപമുഖ്യമന്ത്രിമാരെ നിയമിക്കുകയാണെങ്കില്‍ ഗോവിന്ദ് കജ്‌റോള്‍, ആര്‍. അശോക്, അരവിന്ദ് ലിംബാവള്ളി ഇവരില്‍ ആരെയെങ്കിലുമാണ് യെദ്യൂരപ്പ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭയില്‍ യെദ്യൂരപ്പയ്ക്ക് മേല്‍ നിയന്ത്രണം ആവശ്യമാണെന്ന ബി.എല്‍ സന്തോഷിന്റെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര നേതൃത്വം മറ്റുള്ളവരെ നിയമിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ വീണതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേന്ദ്ര നേതൃത്വം ആഗ്രഹിച്ചിരുന്നതെങ്കിലും യെദ്യൂരപ്പ തിടുക്കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇതാണ് കഴിഞ്ഞ മൂന്നാഴ്ചയായി ഒറ്റയ്ക്ക് സര്‍ക്കാരിനെ കൊണ്ടു പോവേണ്ട സ്ഥിതി യെദ്യൂരപ്പയ്ക്കുണ്ടായത്.

ഇനി സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ചതിന് അയോഗ്യത കല്‍പ്പിക്കപ്പെട്ട 17 എം.എല്‍.എമാര്‍ക്ക് കൂടി മന്ത്രിപദവി ഒരുക്കുകയാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുള്ള വെല്ലുവിളി. അയോഗ്യത കല്‍പ്പിച്ചതിനെതിരെ സുപ്രീംകോടതിയിലെ നിയമപോരാട്ടം ജയിച്ചാല്‍ മന്ത്രിപദവിയാണ് ഈ എം.എല്‍.എമാര്‍ പ്രതിഫലമായി കാണുന്നത്. നിലവില്‍ 16 മന്ത്രിസ്ഥാനം ഒഴിച്ചിട്ടുണ്ട്. നിയമസഭയുടെ അംഗബലം അനുസരിച്ച് മുഖ്യമന്ത്രിയടക്കം 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നാണ്.

മുന്‍നിര നേതാക്കളടക്കം മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന നിരവധി പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ലെന്നതും യെദ്യൂരപ്പ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്.