ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala women entry
തന്ത്രിയോട് വിശദീകരണം ചോദിച്ചതെന്തിനെന്ന് പി.സി ജോര്‍ജ്; തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരെന്ന് കടകംപള്ളി സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Thursday 6th December 2018 10:52am

തിരുവനന്തപുരം:തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല നട അടച്ചിടുമെന്ന പ്രസ്താവന നടത്തിയ തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയ സംഭവത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ നിയമസഭയില്‍ എം.എല്‍.എ പി.സി ജോര്‍ജ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read Also : ദേവസ്വംബോര്‍ഡില്‍ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് പ്രചരണം; കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി

‘ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല. ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്’ കടകംപള്ളി പറഞ്ഞു.

Read Also : ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത്; സഭയില്‍ ബഹളം വെച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച് സ്വരാജ്

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്നും കടകംപള്ളി പറഞ്ഞു. ശശികലയുടെ വര്‍ഗീയ പ്രസ്താവനയ്ക്കെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികള്‍ ആണെന്ന പ്രസ്താവന കെ.പി ശശികല നടത്തിയിരുന്നു. ഈ വര്‍ഗീയ പ്രസ്താവനയുടെ വീഡിയോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചൂണ്ടിക്കാണിച്ചതിന് എനിക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസുമായി ശശികല കോടതിയെ സമീപിച്ചിരിക്കുന്നു. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയാണ്. അതിനെതിരെ ഞാന്‍ കോടതിയെ സമീപിക്കാന്‍ പോകുകയാണ്. ഇത്തരത്തില്‍ ഭ്രാന്തു പിടിച്ച വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ മതേതര കേരളത്തിലെ സര്‍ക്കാര്‍ കര്‍ശന നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന്’ മന്ത്രി പറഞ്ഞു.

Advertisement