ഹിന്ദുക്കള്‍, മുസ്‌ലിങ്ങൾ, സിഖുകാര്‍ എന്നിവര്‍ക്കിടയിലെ സാഹോദര്യം അഭിനന്ദനാർഹം; പൂഞ്ചിലെ ജനങ്ങളെ സന്ദർശിച്ച് ഒമര്‍ അബ്ദുള്ള
national news
ഹിന്ദുക്കള്‍, മുസ്‌ലിങ്ങൾ, സിഖുകാര്‍ എന്നിവര്‍ക്കിടയിലെ സാഹോദര്യം അഭിനന്ദനാർഹം; പൂഞ്ചിലെ ജനങ്ങളെ സന്ദർശിച്ച് ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th May 2025, 1:45 pm

പൂഞ്ച്: പാകിസ്ഥാന്‍ സൈന്യം നടത്തിയ അതിര്‍ത്തിക്കടന്നുള്ള ഷെല്ലാക്രമണത്തില്‍ തകർന്ന പൂഞ്ച് ജില്ല സന്ദര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂഞ്ച് ജില്ലാ ആശുപത്രിയിലും മറ്റ് കേന്ദ്രങ്ങളിലുമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

കൂടാതെ ഷെല്ലാക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആക്രമണം പല കുടുംബങ്ങളുടെയും ജീവിതം മാറ്റിമറിച്ചൊരു ദുരന്തമാണെന്നും അവരുടെ ദുഃഖത്തില്‍ വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്നും ഒമര്‍ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങളെല്ലാം ഒറ്റക്കല്ലെന്നും മുഴുവന്‍ ഭരണകൂടവും അവരോടൊപ്പം നില്‍ക്കുമെന്ന് താന്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അവരുടെ ദുഃഖത്തിന് മുന്നില്‍ എനിക്ക് വാക്കുകളില്ല. എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും അവർ ഒറ്റയ്ക്കല്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. മുഴുവന്‍ ഭരണകൂടവും ഞാനും അവരോടൊപ്പം നിൽക്കും,’ ഒമര്‍ പറഞ്ഞു.

പിന്നാലെ അദ്ദേഹം എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള പ്രാദേശിക നിയമസഭാംഗങ്ങളുടെയും പ്രമുഖ പൗരന്മാരുടെയും ഒരു യോഗം വിളിച്ചുചേര്‍ത്തു. ഹിന്ദു, മുസ്‌ലിം, സിഖ് വിഭാഗങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യം ദുരന്തസമയത്തും നിലനില്‍ക്കുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ പ്രതിസന്ധിയില്‍ ഹിന്ദുക്കള്‍, മുസ്‌ലിങ്ങൾ, സിഖുകാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കിടയിലുള്ള സാഹോദര്യം ശരിക്കും പ്രശംസനീയമാണ്. സര്‍വ്വശക്തന്‍ ഈ ഐക്യം എന്നും നിലനിർത്തട്ടെ. ഈ സാഹചര്യം നമ്മള്‍ സൃഷ്ടിച്ചതല്ല. നമ്മുടെ അയല്‍രാജ്യം അതിര്‍ത്തിയിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ തീരുമാനിച്ചു. ഇത് വളരെ ദുഖകരമാണ്,’ അദ്ദേഹം പറഞ്ഞു.

കൂടാതെ ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ ഓരോ കുടുംബത്തിനും അദ്ദേഹം 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇത് ജീവന്റെ മൂല്യം കണക്കാക്കുന്നതല്ല മറിച്ച് കുടുംബങ്ങള്‍ക്ക് നിലവിലെ നിസഹായത മറികടക്കാന്‍ ഒരു ചെറിയ പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ തുക ജീവന്റെ മൂല്യം അല്ല. പക്ഷേ കുടുംബങ്ങള്‍ക്ക് നിലവിലെ നിസഹായത മറികടക്കാന്‍ ഒരു ചെറിയ പിന്തുണയായി ഇതു പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു,’ ഒമര്‍ പറഞ്ഞു.

കൂടാതെ അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മിക്കുക, ആംബുലന്‍സ് സേവനങ്ങള്‍ വിപുലപ്പെടുത്തുക, അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംഗാഖം (മണിപ്പൂര്‍), സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി ഇംതിയാസ് (ബീഹാര്‍), റൈഫിള്‍മാന്‍ സുനില്‍ കുമാര്‍ (ജമ്മു) ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവർക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ഭീകരാക്രമണത്തില്‍ മരിച്ച ഖേരി ഗ്രാമത്തിലെ സാധാരണനിവാസിയായ സാക്കിര്‍ ഹുസൈന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു.

പാകിസ്ഥാനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെ സ്ഥിതി ശാന്തമാവുകയാണ്. ജമ്മു വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ അതിര്‍ത്തി ജില്ലകളായ ജമ്മു, സാംബ, കത്വ, രാജൗരി, പൂഞ്ച് എന്നിവിടങ്ങളില്‍ ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്. ബാക്കി ജമ്മു പ്രവിശ്യയിലുടനീളമുള്ള സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Content Highlight: Brotherhood among Hindus, Muslims, Sikhs commendable; Omar Abdullah visits people in Poonch