ലണ്ടന്‍: ബ്രിട്ടനില്‍ ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വോട്ട് ചെയ്ത് വ്യാപാരികള്‍. ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് വ്യപാരികള്‍ വോട്ട് ചെയ്തത്.
യു.കെയിലെ കോ-ഓപ്പറേറ്റീവ് എന്ന സഹകരണ സംഘത്തില്‍ അംഗങ്ങളായ വ്യാപാരികളാണ് ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ചത്.
ഏകദേശം 73 ശതമാനം അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായാണ് വിവരം. ഇസ്രഈല്‍ ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് സഹകരണ ബോര്‍ഡ് ധാര്‍മികമായ ഉത്തരവാദിത്തം നിറവേറ്റണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
2022ല്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ക്കെതിരെ സ്വീകരിച്ച സമാനമായ നടപടി ഇസ്രഈല്‍ ഉത്പന്നങ്ങള്‍ക്കെതിരെയും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ എതിര്‍ത്തുകൊണ്ടായിരുന്നു 2022ല്‍ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് റഷ്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്.
പ്രമേയത്തിലെ ആവശ്യങ്ങള്‍ ബോര്‍ഡ് നടപ്പിലാക്കുക എന്നത് നിര്‍ബന്ധമല്ലെങ്കിലും അത് തങ്ങളുടെ കടമയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ലോകത്തുടനീളമായി ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇസ്രഈലിനെ പിന്തുണച്ചതില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ അടക്കം ബഹിഷ്‌കരണം നേരിടുന്ന പശ്ചാത്തലത്തിലാണ് യു.കെ വ്യാപാരികളുടെ നീക്കം.
ടാറ്റ, ഡോമിനോസ്, മക്‌ഡൊണാള്‍ഡ്സ്, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളാണ് ബഹിഷ്‌ക്കരണം നേരിടുന്നത്. ബഹിഷ്‌കരണാഹ്വാനത്തിന് പിന്നാലെ ഇതില്‍ പല സ്ഥാപനങ്ങളും വലിയ തോതില്‍ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്തു.
അതേസമയം 2005 മുതല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതുവരെ ഇസ്രഈലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്സ് ആന്‍ഡ് സാങ്ഷന്‍സ് (ബി.ഡി.എസ്) ആഹ്വാനം ചെയ്തിട്ടുണ്ട്.
അറബ് ഉടമസ്ഥതകളിലുള്ള ചാനലുകള്‍ ബഹിഷ്‌കരിക്കാനും ബി.ഡി.എസ് ആഹ്വാനം ചെയ്തിരുന്നു. ഇസ്രഈലിന്റെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‌കരണാഹ്വാനം.
സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ, എം.ബി.സി, അല്‍ ഹദത്ത്, എമിറാത്തിയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ന്യൂസ് അറേബ്യ, സ്ട്രീമിങ് പ്ലാറ്റ്ഫോം ഷാഹിദ്, ലെബനീസ് ന്യൂസ് ശൃംഖലയായ എം.ടി.വി എന്നിവ ബഹിഷ്‌കരിക്കണമെന്നാണ് ബി.ഡി.എസ് ആഹ്വാനം ചെയ്തിരുന്നത്.
2005 ജൂണ്‍ ഒമ്പതിന് ആരംഭിച്ച ഇസ്രഈല്‍ ബഹിഷ്‌കരണപ്രസ്ഥാനമാണ് ബി.ഡി.എസ്. 171 പലസ്തീന്‍ സന്നദ്ധസംഘടനകള്‍ കൂടി ചേര്‍ന്നാണ് ബി.ഡി.എസ് രൂപീകരിച്ചത്.
Content Highlight: British traders vote to boycott Israeli products