ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബി.ജെ.പിക്കാരനായ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍
Kerala
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബി.ജെ.പിക്കാരനായ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 12:35 pm

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബി.ജെ.പിക്കാരനായ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍. പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഒമ്പത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തതിന് ചങ്ങനാശ്ശേരി സ്വദേശി ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിനാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടണില്‍ ലക്‌സണിന്റെ ഉടമസ്ഥതയിലുള്ള ഒരു കണ്‍സട്ടിങ് സ്ഥാപനം പോളണ്ടിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

നേരത്തെ കോണ്‍ഗ്രസുകാരനായ ലക്‌സണ്‍ ഇപ്പോള്‍ ബി.ജെ.പിക്കാരനാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലും പങ്കെടുത്തിരുന്നു. 2017ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ച ആള്‍ കൂടിയാണ് ലക്‌സണ്‍ അഗസ്റ്റിന്‍. അന്ന് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മൈക്ക് കെയ്‌നിനോട് പരാജയപ്പെടുകയായിരുന്നു ലക്‌സണ്‍.

അശ്വിന്‍ പത്രോസ് എന്നയാളുടെ പരാതിയില്‍ ലക്‌സണിന് എതിരെ കഴിഞ്ഞ വര്‍ഷം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലക്‌സണിന്റെ ജോലി വാഗ്ദാനം വിശ്വസിച്ച് അശ്വിനാണ് ഒമ്പത് പേരില്‍ നിന്ന് 22 ലക്ഷം രൂപ വാങ്ങി ലക്‌സണിന് കൊടുത്തത്.

പിന്നീട് ജോലിയോ പണമോ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയ ആളുകള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനിടയില്‍ സാമ്പത്തിക ഇടപാടുകളില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ലണ്ടനിലെ താമസസ്ഥലത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു ലക്‌സണ്‍.

ജോലി തട്ടിപ്പിന് പുറമെ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസും പ്രതിയുടെ പേരിലുണ്ട്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഈ കേസ് നിലനില്‍ക്കുന്നത്.

Content Highlight: British Malayali BJP member Luckson Francis Augustine arrested for fraud by promising job