ടെല്‍അവീവ്: ഗസയില്‍ കത്തിയെരിയുന്ന സ്‌കൂളിന് മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇസ്രഈല്‍ സൈനികന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് ഡീക്ലാസിഫൈഡ് യു.കെ. ബ്രിട്ടീഷ്- ഇസ്രഈല്‍ പൗരനായ ജൊനാഥന്‍ ബര്‍മന്‍ എന്ന 20 കാരനാണ് ചിത്രത്തിലുള്ളത്.

തീപിടിച്ച് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച സ്‌കൂള്‍ കെട്ടിടത്തിന് മുന്നില്‍ സൈനികന്‍ യൂണിഫോം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്.

We Exposed a British Israeli Who Fout in Gasa എന്ന തലക്കെട്ടില്‍ ഡീക്ലാസിഫൈഡ്‌സ് ചൊവ്വാഴ്ച യൂട്യൂബില്‍ പ്രസിദ്ധീകരിച്ച സിനിമയിലാണ് ഇദ്ദേഹത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ മറ്റൊരു സൈനികനും ചിരിച്ച് പോസ് ചെയ്യുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്. ബര്‍മന്റെ സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് കണ്ടെടുത്ത ഈ ചിത്രം 2024 ജനുവരിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യോമാക്രമണങ്ങളെ നിരീക്ഷിക്കുന്ന എയര്‍വാര്‍സ് എന്ന സംഘടന ഈ കെട്ടിടം തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള ബാനി സുഹൈലയിലെ മദ്രസ അല്‍-ഫറാബി എന്ന പ്രൈമറി സ്‌കൂളാണെന്ന് സ്ഥിരീകരിച്ചു. 2023 ഡിസംബര്‍ 12ഓടെ ഇസ്രഈല്‍ സൈന്യം ഈ സ്‌കൂള്‍ ആക്രമിച്ചു കീഴടക്കിയതായാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പൊലീസ് അന്വേഷണം വേണമെന്നും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ അനുസരിച്ച്, ബര്‍മന്റെ ഗസയിലെ സൈനിക നടപടികളെക്കുറിച്ച് മെട്രോപൊളിറ്റന്‍ പൊലീസിന്റെ യുദ്ധക്കുറ്റ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

എന്നാല്‍ ഭീകരവാദികളുടെ ഒരു സെല്ലിനെയാണ് സ്‌കൂളില്‍ വെച്ച് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേല്‍ സൈന്യം ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ ചിത്രത്തിലുള്ള സ്‌കൂളും സൈന്യം അവകാശപ്പെട്ട സ്ഥലവും തമ്മില്‍ രണ്ട് കിലോമീറ്ററിലധികം ദൂരവ്യത്യാസമുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ ‘എയര്‍വെയ്‌സ്’ കണ്ടെത്തി.

ഈ സംഭവത്തില്‍ ജോനാഥന്‍ ബര്‍മാനെതിരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ യുദ്ധക്കുറ്റ വിഭാഗം കൂടുതല്‍ അന്വേഷണം നടത്തണമെന്ന് യു.എന്‍ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി അംഗമായ ക്രിസ് സിഡോട്ടി ആവശ്യപ്പെട്ടു. ഗാസയിലെ യുദ്ധത്തില്‍ ഇസ്രഈല്‍ സൈന്യത്തിനൊപ്പം ഏകദേശം 2,000-ത്തോളം ബ്രിട്ടീഷ്-ഇസ്രഈലി ഇരട്ട പൗരന്മാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Content Highlight: British-Israeli soldier poses smiling for a photo in front of a burning school in Gaza; new documentary released.