ബ്രിട്ടീഷ് കോടതിയില്‍ തിരിച്ചടി നേരിട്ട് ദുബായ് ഭരണാധികാരി; മക്കളുടെ കസ്റ്റഡി അവകാശം മുന്‍ ഭാര്യ ഹയക്ക്
World News
ബ്രിട്ടീഷ് കോടതിയില്‍ തിരിച്ചടി നേരിട്ട് ദുബായ് ഭരണാധികാരി; മക്കളുടെ കസ്റ്റഡി അവകാശം മുന്‍ ഭാര്യ ഹയക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 1:42 pm

ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമും മുന്‍ ഭാര്യ ഹയ രാജകുമാരിയും തമ്മില്‍ ബ്രിട്ടീഷ് കോടതിയില്‍ നടന്നിരുന്ന കേസില്‍ പ്രിന്‍സസ് ഹയക്ക് വിജയം. മക്കളുടെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഹയ വിജയിച്ചത്.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയക്ക് രണ്ട് മക്കളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിക്കുകയായിരുന്നു.

അല്‍-മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു പ്രിന്‍സസ് ഹയ.

എന്നാല്‍ ഹയയോടുള്ള അല്‍- മക്തൂമിന്റെ കീഴടക്കല്‍- കണ്‍ട്രോളിങ് മനോഭാവം സൂചിപ്പിക്കുന്നത്, മക്കളുടെ കസ്റ്റഡി അവകാശം അയാള്‍ക്ക് ലഭിക്കാന്‍ പാടില്ല, എന്നാണെന്നാണ് ജഡ്ജി സര്‍ ആന്‍ഡ്രൂ മക്ഫാള്‍ലേയ്ന്‍ നിരീക്ഷിച്ചത്.

പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

മക്കളുമായുള്ള ബന്ധം ഫോണ്‍ വിളികളിലും മെസേജുകളിലും ഒതുങ്ങുമെന്നും ജഡ്ജി നിരീക്ഷിച്ചു.

വിവാഹമോചിതരായ പ്രിന്‍സസ് ഹയയും അല്‍ മക്തൂമും തമ്മില്‍ മൂന്ന് വര്‍ഷത്തിലധികമായി ലണ്ടന്‍ ഹൈക്കോടതിയില്‍ തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

തന്റെ രണ്ട് കുട്ടികളേയും കൊണ്ട് (ജലീല (14), സായെദ് (10)) 72കാരനായ അല്‍- മക്തൂമിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.

തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അവര്‍ മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു.

നേരത്തെ ഹയക്കും മക്കള്‍ക്കും ദുബായ് ഭരണാധികാരി ജീവനാംശം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സെറ്റില്‍മെന്റ് തുക പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

കുറഞ്ഞത് 554 മില്യണ്‍ പൗണ്ട് (734 മില്യണ്‍ ഡോളര്‍) ഹയക്ക് നല്‍കണമെന്നായിരുന്നു ലണ്ടനിലെ കുടുംബ കോടതി ഉത്തരവിട്ടത്. കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയായിരുന്നു അത്.

പ്രിന്‍സസ് ഹയ ബിന്ദ് അല്‍ ഹുസൈന് മൂന്ന് മാസത്തിനുള്ളില്‍ 251.5 മില്യണ്‍ പൗണ്ട് നല്‍കാനും ജഡ്ജി ഉത്തരവിട്ടിരുന്നു.

ഹയയുടെയും മക്കളുടെയും സുരക്ഷക്കും, വേര്‍പിരിയലിന്റെ സമയത്ത് അവര്‍ക്ക് നഷ്ടമായ വസ്ത്രം, ആഭരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരത്തുകയുമായാണ് ഈ തുക വിധിച്ചത്.

ഇരുവരുടെയും രണ്ട് മക്കള്‍ക്ക് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനായും വര്‍ഷം തോറും 11 മില്യണ്‍ പൗണ്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

ഹയ രാജകുമാരിയുടെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്താന്‍ അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായും ബ്രിട്ടീഷ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

Content Highlight: British court gives Dubai ruler Sheikh Muhammed bin Rashid Al- Maktoum’s ex wife princess Haya, the custody of their two children