സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ബ്രിട്ടനും; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി
India
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ബ്രിട്ടനും; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 6:28 pm

ലണ്ടന്‍: വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ബ്രിട്ടനും ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടന്‍ സന്ദര്‍ശത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തില്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന്‍ റെയ്നോള്‍ഡുമാണ് കരാറില്‍ ഒപ്പുവെച്ചത്.


ഇത് ബ്രിട്ടനുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ ചരിത്ര നിമിഷമെന്ന് കരാറില്‍ ഒപ്പുവെച്ചതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. യുവാക്കള്‍ക്കും തൊഴില്‍ മേഖലയ്ക്കും ബ്രിട്ടനുമായുള്ള കരാര്‍ ഗുണപ്രദമാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മൂന്ന് വര്‍ഷത്തിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഒരു വര്‍ഷത്തിന് ശേഷം കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിലെ കര്‍ഷകര്‍, ചെറുകിട വ്യാപാരക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരാണ് കരാറിന്റെ പ്രധാന ഗുണഭോക്താക്കളെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരാര്‍ പ്രാബല്യത്തിലായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം ഏകദേശം 34 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കരാറിലൂടെ ബ്രിട്ടിനില്‍ നിന്ന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങളുടെ തീരുവയില്‍ ഗണ്യമായ കുറവുണ്ടാകും.

മെഡിക്കല്‍ ഉപകരണങ്ങള്‍, സോഫ്റ്റ് ഡ്രിങ്, കാറുകള്‍, സൗന്ദര്യ വർദ്ധക വസ്തുക്കള്‍ എന്നിവയുടെ തീരുവയായിരിക്കും പ്രധാനമായും കുറയുക. ബ്രിട്ടീഷ് സ്‌കോച്ചിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 150 ശതമാനം തീരുവ 75 ശതമാനമായി കുറയ്ക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ആയും കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ ബ്രിട്ടന്‍ ഉത്പന്നങ്ങളുടെ ശരാശരി താരിഫായ 13 ശതമാനം മൂന്നായി കുറയ്ക്കാനും കരാര്‍ സഹായകമാകും.

ഇതിനേക്കാളുപരി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങളും കരാറിലൂടെ രൂപപ്പെടും. യു.കെയിലെ 36 സേവന മേഖലകളില്‍ 24 മാസം, അതായത് രണ്ട് വര്‍ഷത്തെ തൊഴില്‍ അവസരമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കരാറിലൂടെ ലഭിക്കുക. മാത്രമല്ല ഇന്ത്യന്‍ തുണിത്തരങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് യു.കെയില്‍ വലിയ വിപണി തുറക്കാനും കരാറിലൂടെ സാധിക്കും.


യു.കെയുമായുള്ള കരാര്‍ തൊഴില്‍ മേഖലകള്‍ക്ക് ഏകദേശം 23 ബില്യണ്‍ ഡോളറിന്റെ അവസരങ്ങള്‍ തുറക്കുമെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു. കൂടാതെ ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനത്തിനും ഈ കരാര്‍ തീരുവ രഹിത പ്രവേശനം നല്‍കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Content Highlight: India and Britain sign free trade agreement