1967ലെ അതിര്‍ത്തി, സ്വതന്ത്ര പരമാധികാരം; ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍
World
1967ലെ അതിര്‍ത്തി, സ്വതന്ത്ര പരമാധികാരം; ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th August 2025, 12:31 pm

ലണ്ടന്‍: 1967ലെ അതിര്‍ത്തി മാനദണ്ഡങ്ങള്‍ പ്രകാരം ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ‘കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഇസ്രഈലിന്റെ ഭാഗമായി അംഗീകരിക്കുന്നില്ല’ എന്ന് യു.കെ പുറത്തിറക്കിയ പുതിയ മെമ്മോറാണ്ടത്തില്‍ വിശദീകരിച്ചു.

1967ലെ നയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തോട് ബ്രിട്ടണ്‍ അനുകൂലിക്കുന്നെന്നും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ ഇസ്രഈല്‍ കയ്യേറിയ ഫലസ്തീന്‍ പ്രദേശങ്ങളെ ഇസ്രഈലിന്റെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നും ബ്രിട്ടണ്‍ പറഞ്ഞു.

കിഴക്കന്‍ ജറുസലേമും ഗസയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഏക അധികാരത്തിന്‍ കീഴില്‍ വീണ്ടും കൊണ്ടുവരണം എന്നും മെമ്മോറാണ്ടം ആവശ്യപ്പെട്ടു.

ഭരണം, സുരക്ഷ, പുനര്‍നിര്‍മാണം എന്നിവയില്‍ ഫലസ്തീന്‍ അതോറിറ്റിക്കായിരിക്കണം അധികാരമെന്നും മെമ്മോറാണ്ടം പറഞ്ഞു.

കിഴക്കന്‍ ജറുസലേം, ഗസ, വെസ്റ്റ് ബാങ്ക് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പൊതുതെരഞ്ഞെടുപ്പുകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തണമെന്നും മെമ്മോറാണ്ടം ആവശ്യപ്പെടുന്നു.

ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ സ്വയം നിര്‍ണ്ണയത്തിനുള്ള ഫലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശം യു.കെ അംഗീകരിക്കുന്നു എന്നും വിശദീകരിക്കുന്നു.

‘ഫലസ്തീന്‍ രാഷ്ട്ര പദവി കൈവരിക്കേണ്ടത് അനിവാര്യമാണ്. ഫലസ്തീനികള്‍ക്കും ഇസ്രഈലികള്‍ക്കും പരസ്പര അംഗീകാരത്തോടെയും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ കഴിയേണ്ടതുണ്ട്. അത് ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരം തന്നെയാണ്,’ യു.കെ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അതേസമയം ഗസ ഏറ്റെടുക്കാനുള്ള യു.എസ് നിര്‍ദേശത്തെ മെമ്മോറാണ്ടം തള്ളുന്നുണ്ട്. പകരം, ഗസയിലെ പുനര്‍നിര്‍മ്മാണത്തിനായി ഫലസ്തീന്‍ അതോറിറ്റിക്കുള്ള പിന്തുണ യു.കെ അറിയിക്കുകയാണെന്നും മെമ്മോറാണ്ടം പറയുന്നു.

മറ്റു തിരിച്ചടികളില്ലെങ്കില്‍ ഫലസ്തീനെ അംഗീകരിക്കുന്ന ആദ്യത്തെ ജി 7 രാജ്യങ്ങളായി ഫ്രാന്‍സും ബ്രിട്ടനും മാറും.

ഹമാസിനെ നിരായുധീകരിക്കണമെന്നും ഗസയിലെ ഭരണം അവസാനിപ്പിക്കണമെന്നും നേരത്തെ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇസ്രഈലിന്റെ ഈ നീക്കം ബ്രിട്ടീഷ്- ഇസ്രഈല്‍ ബന്ധത്തില്‍ വിള്ളലുകള്‍ വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഇസ്രഈലി മന്ത്രിമാര്‍ക്കെതിരെ യു.കെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഫലസ്തീന്‍ ജനതക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിലായിരുന്നു ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിനും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിനും യു.കെ ഉപരോധം ഏര്‍പ്പെടുത്തിയത്.

അതേസമയം ‘ഹമാസിന്റെ ഭീകരതയ്ക്ക് സ്റ്റാര്‍മര്‍ പ്രതിഫലം നല്‍കിയെന്നായിരുന്നു ബ്രിട്ടന്റെ ഈ പ്രഖ്യാപനത്തോട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്.

‘ഹമാസിന്റെ ഭീകരതയ്ക്ക് സ്റ്റാര്‍മര്‍ പ്രതിഫലം നല്‍കി. ഇപ്പോള്‍ അവര്‍ ഇരകളെ ശിക്ഷിക്കുകയാണ്. ഇസ്രഈലിന്റെ അതിര്‍ത്തിയിലുള്ള ഈ ജിഹാദിസ്റ്റ് രാഷ്ട്രം നാളെ ബ്രിട്ടണെ ഭീഷണിപ്പെടുത്തും.’ നെതന്യാഹു പറഞ്ഞു.

ജൂലൈ 23 ന്, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഇസ്രഈല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

Content Highlight: Britain affirms support for Palestinian state under 1967 borders