ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകം: ബൃന്ദ കാരാട്ട്
national news
ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകം: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd April 2022, 3:02 pm

ന്യൂദല്‍ഹി: ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ല, ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെയും അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകമാണെന്ന് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്.
ജഹാഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍ പരാമര്‍ശിച്ചായിരുന്നു പ്രതികരണം.

കൃത്യമായ ഒരു രാഷ്ട്രീയപദ്ധതിയാണത്. 1920കളില്‍ വി.ഡി. സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഒരു ആശയത്തിന്റെ തുടര്‍ച്ചയാണിത്. മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ജഹാംഗീര്‍പുരിയിലുണ്ടായത്. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരരായി കാണുന്ന സമീപനമാണിത്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ സമീപനം, മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ പറഞ്ഞു.

”ഭരണഘടനാപരവും വ്യക്തിപരവുമായ സമസ്ത സ്വാതന്ത്ര്യങ്ങളും അട്ടിമറിക്കപ്പെടുന്ന കാലമാണിത്. വര്‍ഗീയതയ്ക്കെതിരേ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലെന്നാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്. ഇതിനുപിന്നില്‍ കൃത്യമായ സാമ്പത്തിക അജണ്ടയുണ്ടെന്നതും കാണാതിരിക്കാനാവില്ല. നവ സാമ്പത്തിക ഉദാരീകരണ ശക്തികള്‍ തകര്‍ത്തെറിഞ്ഞ ഒരു സമൂഹമാണ് ജഹാംഗീര്‍പുരിയിലുള്‍പ്പെടെ ആക്രമിക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ മാത്രമല്ല ആക്രമണം. ആദിവാസികളും ദളിതരും ഇതേപോലെത്തന്നെ ഈ ശക്തികളുടെ ആക്രമണത്തിനിരയാവുന്നുണ്ട്,” ബൃന്ദ കാരാട്ട് പറഞ്ഞു.

അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയത്.
ബൃന്ദ കാരാട്ട് സംഭവസ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.

Content Highlights: Brinda Karat about  Jahangirpuri