2026 ടി-20 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ബാറ്റിങ് പൂര്‍ത്തിയാക്കി സിംബാബ്‌വേ. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സിംബാബ്‌വേ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 43 പന്തില്‍ 73 റണ്‍സ് നേടിയാണ് റാസ കളം വിട്ടത്. ഏട്ട് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
യുവതാരം ബ്രയാന്‍ ബെന്നറ്റ് 13 പന്തില്‍ 15 റണ്‍സുമായി തിരിച്ചുനടന്നു. ഈ ഇന്നിങ്‌സിന് പിന്നാലെ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തും ബെന്നറ്റിന്റെ സാന്നിധ്യമറിയിച്ചു. ആറ് ഇന്നിങ്‌സില്‍ നിന്നും 292 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇതിനൊപ്പം ഒരു ഐതിഹാസിക നേട്ടവും ബെന്നറ്റിന്റെ പേരില്‍ പിറവിയെടുത്തു. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരമെന്ന നേട്ടമാണ് ബെന്നറ്റ് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ 146.00 എന്ന മികച്ച ബാറ്റിങ് ശരാശരിയാണ് താരത്തിനുള്ളത്.
ബ്രയാന്‍ ബെന്നറ്റ്. Photo: ICC
ഈ നേട്ടത്തില്‍ നേരത്തെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിച്ച സാക്ഷാല്‍ വിരാട് കോഹ്‌ലിയെ ഒറ്റയടിക്ക് മറികടന്നാണ് ബെന്നറ്റ് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്. 2016ല്‍ തന്റെ ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കവെ വിരാട് കോഹ്‌ലി നേടിയ 136.5 എന്ന ബാറ്റിങ് ശരാശരിയുടെ നേട്ടമാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.
ഒരു ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി – ചുരുങ്ങിയത് 200 റണ്‍സ്
(താരം – ടീം – ബാറ്റിങ് ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)
ബ്രയാന്‍ ബെന്നറ്റ് – സിംബാബ്‌വേ- 146.0 – 2026*
വിരാട് കോഹ്‌ലി – ഇന്ത്യ – 136.5 – 2016
വിരാട് കോഹ്‌ലി – ഇന്ത്യ – 106.3 – 2014
വിരാട് കോഹ്‌ലി – ഇന്ത്യ – 98.66 – 2022
ജോഷ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 89.6 – 2021
ബ്രയാന്‍ ബെന്നറ്റ്. Photo: ICC
ഈ ലോകകപ്പിലെ ആറ് ഇന്നിങ്‌സുകളില്‍ രണ്ട് തവണ മാത്രമാണ് ബെന്നറ്റിനെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചത്. 48*, 64*, 63*, 5, 97*, 15 എന്നിങ്ങനെയാണ് ഈ ലോകകപ്പില്‍ ബെന്നറ്റിന്റെ സ്‌കോര്‍.
അതേസമയം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ റാസയ്ക്ക് മികച്ച പിന്തുണ കൊടുക്കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. 20 പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയ ടോണി മുന്യോംഗയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഷെവ്‌റോണ്‍സ് 153ലെത്തി.
സൗത്ത് ആഫ്രികക്കയ്ക്കായി ക്വേന മഫാക്കയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആന്‌റിക് നോര്‍ക്യ, ലുങ്കി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content highlight: Brian Bennet surpassed Virat Kohli in highest batting average in a T20 World Cup