ശ്രീലങ്കയുടെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഹരാരെയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ലങ്കന്‍ ലയണ്‍സ് മറികടക്കുകയായിരുന്നു.
പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറിയുടെയും കാമിന്ദു മെന്‍ഡിസിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ശ്രീലങ്ക വിജയം പിടിച്ചെടുത്തത്. നിസങ്ക 32 പന്തില്‍ 55 റണ്‍സടിച്ചപ്പോള്‍ 16 പന്ത് നേരിട്ട് പുറത്താകാതെ 41 റണ്‍സാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ബ്രയാന്‍ ബെന്നറ്റിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
ക്രീസിലെത്തിയ ഓരോ താരങ്ങളെയും ഒപ്പം കൂട്ടി ബെന്നറ്റ് തകര്‍ത്തടിക്കുകയായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ താരം ടീം സ്‌കോര്‍ 162ല്‍ നില്‍ക്കവെ 19ാം ഓവറിലെ അവസാന പന്തിലാണ് പുറത്താകുന്നത്. 57 പന്ത് നേരിട്ട ബെന്നറ്റ് ഒറ്റ സിക്സര്‍ പോലുമില്ലാതെ 12 ഫോറിന്റെ അകമ്പടിയോടെ 81 റണ്‍സ് സ്വന്തമാക്കി.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ബ്രയാന്‍ ബെന്നറ്റ് സ്വന്തമാക്കി. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഒറ്റ സിക്സര്‍ പോലുമില്ലാതെ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോഡാണ് (ഫുള്‍ മെമ്പര്‍ നേഷന്‍) താരം സ്വന്തമാക്കിയത്.
പ്രോട്ടിയാസ് സൂപ്പര്‍ താരം ഫാഫ് ഡു പ്ലെസിയെ മറികടന്നുകൊണ്ടാണ് ബ്രയാന്‍ ബെന്നറ്റ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്തിയത്. 2015ല്‍ ബംഗ്ലാദേശിനെതിരെ ഫാഫ് നേടിയ 79 റണ്‍സായിരുന്നു ഈ നേട്ടത്തില്‍ നേരത്തെ ഒന്നാമതുണ്ടായിരുന്നത്.
ഫാഫ് ഡു പ്ലെസി
ഒറ്റ സിക്‌സര്‍ പോലുമടിക്കാതെ ഏറ്റവുമുയര്‍ന്ന ടി-20ഐ സ്‌കോര്‍ (ഫുള്‍ മെമ്പര്‍ നേഷന്‍)
(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ എന്നീ ക്രമത്തില്‍)
ബ്രയാന്‍ ബെന്നറ്റ് – സിംബാബ്‌വേ – ശ്രീലങ്ക – 81
ഫാഫ് ഡു പ്ലെസി – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 79
ബാബര്‍ അസം – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 71
മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – വെസ്റ്റ് ഇന്‍ഡീസ് – 78
അന്താരാഷ്ട്ര ടി-20യില്‍ ഒറ്റ സിക്സര്‍ പോലുമില്ലാതെ ഏറ്റവുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡ് മലാവി താരം സാമി സൊഹൈലിന്റെ പേരിലാണ്. 2022ല്‍ ലെസോത്തോയ്‌ക്കെതിരെ പുറത്താകാതെ നേടിയ 94 റണ്‍സിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്.
സാമി സൊഹൈല്‍
അതേസമയം, ആദ്യ മത്സരത്തിലെ പരാജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഷെവ്‌റോണ്‍സ് 1-0ന് പുറകിലാണ്. സെപ്റ്റംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഹരാരെയാണ് വേദി.
Content Highlight: Brian Bennet set the record of highest T20i score without sixer among full member nation