അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ്! ഞെട്ടിച്ച് ന്യൂസിലാന്‍ഡ് സൂപ്പര്‍ പേസര്‍; 254 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
Sports News
അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ്! ഞെട്ടിച്ച് ന്യൂസിലാന്‍ഡ് സൂപ്പര്‍ പേസര്‍; 254 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
ആദര്‍ശ് എം.കെ.
Sunday, 8th March 2026, 5:25 pm

 

ന്യൂസിലാന്‍ഡ് ഡൊമസ്റ്റിക് ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ പ്ലങ്കറ്റ് ഷീല്‍ഡില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി സൂപ്പര്‍ താരം ബ്രെറ്റ് റാന്‍ഡെല്‍. നേപ്പിയറില്‍ നോര്‍തേണ്‍ ഡിസ്ട്രിക്ട്‌സിനെതിരെ നടക്കുന്ന ഫസ്റ്റ് ക്ലാസ് മാച്ചില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട്‌സിനായാണ് റാന്‍ഡെല്‍ പന്തുമായി തിളങ്ങിയത്.

നോര്‍തേണ്‍ ഡിസ്ട്രിക്ടിസിന്റെ ആദ്യ ഇന്നിങ്‌സില്‍ തന്നെയായിരുന്നു റാന്‍ഡെലിന്റെ പന്തിലൊളിപ്പിച്ച കൊടുങ്കാറ്റഴിച്ചുവിട്ടത്. 25 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഇതില്‍ അഞ്ച് വിക്കറ്റുകളാകട്ടെ തുടര്‍ച്ചയായ അഞ്ച് പന്തുകളിലും.

ബ്രെറ്റ് റാന്‍ഡെല്‍

ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ അവസാന പന്തിലാണ് റാന്‍ഡെല്‍ മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണര്‍ ഹെന്‌റി കൂപ്പറിനെ മടക്കിയായിരുന്നു വേട്ട ആരംഭിച്ചത്. 13 പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെ താരം ബൗള്‍ഡായി മടങ്ങി.

അടുത്ത ഊഴം ക്യാപ്റ്റന്‍ ജീത് റാവലിന്റേതായിരുന്നു. ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബൗള്‍ഡാക്കി റാന്‍ഡെല്‍ രണ്ടാം വിക്കറ്റ് വീഴ്ത്തി. ഒമ്പത് പന്തില്‍ ആറ് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

ഓവറിലെ രണ്ടാം പന്തില്‍ ജോ കാര്‍ട്ടറിനെ വിക്കറ്റ് കീപ്പര്‍ ഡെയ്ന്‍ ക്ലീവറിന്റെ കൈകളിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ വലംകയ്യന്‍ പേസര്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി.

അടുത്ത രണ്ട് താരങ്ങളും ഗോള്‍ഡന്‍ ഡക്കായി തന്നെ മടങ്ങി. റോബെര്‍ട്ട് ഒ ഡോനെല്‍ കര്‍ട്ടിസ് ഹീഫിയുടെ കൈകളിലൊതുങ്ങിയപ്പോള്‍ ക്രിസ്‌റ്റെന്‍ ക്ലാര്‍ക്ക് ബൗള്‍ഡായും തിരികെ നടന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ 254 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബൗളര്‍ തുടര്‍ച്ചയായ അഞ്ച് പന്തില്‍ വിക്കറ്റ് വീഴ്ത്തുന്നത്.

ഇവര്‍ക്ക് പുറമെ ബെന്‍ പൊമാറേ (മൂന്ന് പന്തില്‍ പൂജ്യം), സ്‌കോട്ട് കഗ്ലിജന്‍ (നാല് പന്തില്‍ രണ്ട്) എന്നിവരും റാന്‍ഡെലിന്റെ പന്തിന് ഇരയയായി.

വിക്കറ്റ് നേടിയ റാന്‍ഡെലിന്‍റെ ആവേശം

ബ്രെറ്റ് റാന്‍ഡെലിന് പുറമെ ജെയ്ഡന്‍ ലെനക്‌സ്, റെയ്മണ്ട് ടൂലെ, ടോബി ഫിന്‍ഡ്‌ലെ എന്നിവര്‍ ഓരേ വിക്കറ്റ് വീതം സ്വന്തമാക്കി.

റാന്‍ഡെലിന്റെ കരുത്തില്‍ നോര്‍തേണ്‍ ഡിസ്ട്രിക്ട്‌സ് 83ന് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ നോര്‍തേണ്‍ ഡിസ്ട്രിക്ട്‌സ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന നിലയിലാണ്. 86 റണ്‍സുമായി ക്രിസ്‌റ്റെന്‍ ക്ലാര്‍ക്കും 19 റണ്‍സുമായി ബെന്‍ പൊമാറേയുമാണ് ക്രീസില്‍. നിലവില്‍ ടീം 129 റണ്‍സിന് പിന്നിലാണ്.

രണ്ടാം ഇന്നിങ്‌സില്‍ റാന്‍ഡെലിന് ഇതുവരെ വിക്കറ്റൊന്നും നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും നാല് വിക്കറ്റുമായി റെയ്മണ്ട് ടൂലെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. ഹാരി കൂപ്പര്‍ (പത്ത് പന്തില്‍ ഏഴ്), ജീത് റാവല്‍ (34 പന്തില്‍ 12), ഭരത് പോപ്ലി (ഒമ്പത് പന്തില്‍ ഒന്ന്), റോബെര്‍ട്ട് ഒ ഡോനെല്‍ (അഞ്ച് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ടൂലെ എറിഞ്ഞിട്ടത്. ജെയ്ഡന്‍ ലെനക്‌സാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ ഡിസ്ട്രിക്ട്‌സ് ഡെയ്ന്‍ ക്ലീവറിന്റെ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 137 പന്ത് നേരിട്ട താരം 109 റണ്‍സ് നേടി.

ബ്രാഡ് ഷ്മ്യൂലിയന്‍ (91 പന്തില്‍ 61), കര്‍ട്ടിസ് ഹീഫി (127 പന്തില്‍ 44), ജോഷ് ക്ലാര്‍ക്‌സണ്‍ (53 പന്തില്‍ 30) എന്നിവരാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.

373 റണ്‍സാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട്‌സ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

നോര്‍തേണ്‍സിനായി സ്‌കോട്ട് കഗ്ലിജന്‍ നാല് വിക്കറ്റ് വീഴ്ത്തി. കൂപ്പര്‍ റോവല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ്റ്റെന്‍ ക്ലാര്‍ക് രണ്ടും ജീത് റാവല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

 

Content highlight: Brett Randell becomes 1st bowler to pick 5 wickets in 5 consecutive balls in First Class match

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.