2026 ടി-20 ലോകകപ്പിന്റെ ആവേശം പരകോടിയിലെത്താന്‍ ഇനി കേവലം അഞ്ച് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ബിഗ് ഇവന്റെ ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം ഇന്ത്യയുടേതടക്കം മൂന്ന് മത്സരങ്ങളും അരങ്ങേറും.
ടി-20 ഇതിഹാസങ്ങളായ രോഹിത് ശര്‍മയും ഷാകിബ് അല്‍ ഹസനും കളത്തിലിറങ്ങാത്ത ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും 2026 ടി-20 ലോകകപ്പിനുണ്ട്.
ഇന്ത്യയെ 2024 ലോകകിരീടം ചൂടിച്ചതിന് തൊട്ടുപിന്നാലെ രോഹിത് ശര്‍മ വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ബഹിഷ്‌കരിക്കും മുമ്പ് ബംഗ്ലാദേശ് പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ഷാകിബ് അല്‍ ഹസനും ഇടമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും 2026 ടി-20 ലോകകപ്പിന്റെ ഭാഗമാകാതെ പോയത്.
എന്നാല്‍ ആദ്യ ലോകകപ്പും 2026ലെ പത്താം ലോകകപ്പും കളിക്കാനൊരുങ്ങുന്ന ഒരു താരമുണ്ട്. ഒരേയൊരു താരമെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. സിംബാബ്‌വേയുടെ ബ്രെന്‍ഡന്‍ ടെയ്‌ലറാണ് ഈ താരം.
ബ്രെന്‍ഡന്‍ ടെയ്‌ലര്‍. Photo: ICC
2007ല്‍ സിംബാബ്‌വേ ആദ്യ ലോകകപ്പ് കളിക്കുമ്പോള്‍ ഈ 21കാരന്‍ വിക്കറ്റ് കീപ്പറായി ടീമിനൊപ്പമുണ്ടായിരുന്നു. 2012ലും 2014ലും ക്യാപ്റ്റനായും ബ്രെന്‍ഡന്‍ ടെയ്‌ലര്‍ സിംബാബ്‌വേക്കൊപ്പം ലോകകപ്പിലെത്തി. ഇപ്പോള്‍ 2026ല്‍ 39ാം വയസിന്റെ ചെറുപ്പത്തില്‍ ടെയ്‌ലര്‍ വീണ്ടും ലോകകപ്പ് കളിക്കാനെത്തുകയാണ്.
2006ല്‍ ഷെവ്‌റോണ്‍സിനൊപ്പം ടി-20 കരിയര്‍ ആരംഭിച്ച ടെയ്‌ലര്‍ 58 മത്സരങ്ങളില്‍ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമടക്കം 1185 റണ്‍സാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയത്. 23.70 എന്ന മോശമല്ലാത്ത ബാറ്റിങ് ശരാശരിയും 122.92 സ്‌ട്രൈക് റേറ്റും താരത്തിനുണ്ട്. രണ്ട് ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞ താരം ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രെന്‍ഡന്‍ ടെയ്‌ലര്‍. Photo: ICC
കഴിഞ്ഞ ലോകകപ്പില്‍ ആഫ്രിക്കന്‍ മണ്ണില്‍ നിന്നും കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ സിംബാബ്‌വേ ഇത്തവണ പലതും തെളിയിക്കാനുറച്ച് തന്നെയാണ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.
ഗ്രൂപ്പ് ബി-യിലാണ് റാസയും സംഘവും ഇടം പിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, ഒമാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.