ബ്രസീലില്‍ മുന്‍ പ്രസിഡന്റായ വലതുപക്ഷ നേതാവിന് 27 വര്‍ഷം തടവ്
World News
ബ്രസീലില്‍ മുന്‍ പ്രസിഡന്റായ വലതുപക്ഷ നേതാവിന് 27 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th September 2025, 7:56 am

റിയോ ഡി ജനൈറോ: സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ വലതുപക്ഷ നേതാവും മുന്‍ ബ്രസീല്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സനാരോ ജയിലിലേക്ക്. 27 വര്‍ഷമാണ് ബ്രസീലിയന്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് ശിക്ഷാ വിധി. ഇതിനൊപ്പം 2033 വരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതിലും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിധിക്കെതിരെ ബോള്‍സനാരോ അപ്പീല്‍ നല്‍കിയേക്കും.

ജെയര്‍ ബോള്‍സനാരോ

ജനാധിപത്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ബോള്‍സോനാരോ പ്രവര്‍ത്തിച്ചു എന്നതിന് നിരവധി തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ നിരീക്ഷിച്ചു.

നിലവില്‍ ബോള്‍സനാരോ വീട്ടുതടങ്കലിലാണ്. സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബോള്‍സനാരോ വീട്ടുതടങ്കലില്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

നിരോധനം ലംഘിച്ച് തന്റെ മൂന്ന് മക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ബോള്‍സൊനാരോ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇടത് നേതാവായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2022ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലായിരുന്നു വീട്ടുതടങ്കല്‍.

ലുല സര്‍ക്കാരിനെതിരായ ഗൂഢാലോചനയടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ബോള്‍സോനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ബോള്‍സോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

അതേസമയം, തന്നെ വേട്ടയാടുകയാണെന്നും വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ബോള്‍സനാരോ ആരോപിച്ചു. 2026ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് പദവികള്‍ വഹിക്കരുത് എന്ന വ്യവസ്ഥ വിധിയില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

ബോള്‍സനാരോയ്ക്ക് ശിക്ഷ വിധിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമുള്ള നേതാവാണ് ബോള്‍സനാരോ. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും ഈ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ബോള്‍സോനാരോയ്ക്കെതിരെയുള്ള നടപടികളില്‍ ബ്രസീലിന് മേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

 

Content Highlight: Brazil Supreme Court sentences former president Jair Bolsonaro to 27 years in prison for coup attempt