ലോകകപ്പിന് മുന്നോടിയായി ഫ്രാന്‍സിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ പരിക്കേറ്റ ബ്രസീലിയന്‍ താരം റാഫിഞ്ഞയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ നഷ്ടമാകും.
പേശിവലിവിനെ തുടര്‍ന്ന് താരത്തിന് മെഡിക്കല്‍ ടീം അഞ്ച് ആഴ്ചയോളം വിശ്രമം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഏപ്രിലില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ബാര്‍സലോണയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ താരത്തിന് നഷ്ടമാകും.
അതേസമയം സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. രണ്ടാം പകുതിയില്‍ പത്തുപേരായി ചുരുങ്ങിയിട്ടും ഫ്രാന്‍സിന്റെ ഡിഫന്‍സ് മറികടന്ന് ബ്രസീലിന് സമനില നേടാന്‍ പോലും സാധിച്ചില്ല. സൂപ്പര്‍ താരത്തിന്റെ സേവനം നഷ്ടപ്പെട്ടതോടെ ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.റാഫിഞ്ഞ
മത്സരത്തിന്റെ 32ാം മിനിട്ടില്‍ ഫ്രാന്‍സിന് വേണ്ടി നായകന്‍ കിലിയന്‍ എംബാപ്പെയാണ് ആദ്യ ഗോള്‍ നേടിയത്. ഉസാന്‍ ഡെംബെലെയുടെ അസിസ്റ്റിലായിരുന്നു എംബാപ്പെ എതിരാളികളുടെ വല കുലുക്കിയത്.
അതേസമയം മത്സരത്തിന്റെ 55ാം മിനിട്ടില്‍ പ്രതിരോധ താരം ഉപമെക്കാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഫ്രാന്‍സ് സമ്മര്‍ദത്തിലാകുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു.
65ാം മിനിട്ടില്‍ മൈക്കല്‍ ഒലീസെയുടെ അസിസ്റ്റില്‍ ഹ്യൂഗോ എക്കിറ്റികെ ഫ്രാന്‍സിനായി രണ്ടാം ഗോളും നേടി. ശേഷം മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഉണര്‍ന്നു കളിച്ച ബ്രസീല്‍ ഒരു ഗോള്‍ മടക്കി. 78ാം മിനിട്ടില്‍ ലൂയിസ് ഹെന്റിക്കെയുടെ ക്രോസില്‍ ബ്ലെയ്സണ്‍ ബ്രെമറാണ് ബ്രസീലിന് ആശ്വാസ ഗോള്‍ നേടിയത്.
Content Highlight: Brazil’s Raphinha will miss the Champions League quarter-finals after suffering an injury in a friendly against France